
യു.പിയിൽ വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താന്‍ യോഗി ആദിത്യനാഥ് ഉപയോഗിക്കുന്ന തന്ത്രമാണ് ബുള്‍ഡോസര്‍ പ്രയോഗം. സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികളെ ശിക്ഷിക്കാനെന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ക്കുന്ന മേഖലകള്‍ ഇടിച്ചുനിരപ്പാക്കല്‍. വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടമാകുന്നതോടെ ന്യൂനപക്ഷവിഭാഗങ്ങള്‍ ആ പ്രദേശം വിട്ടുപോകും.
വംശഹത്യയുടെ മറ്റൊരു രൂപം. ഇതിൻ്റെ പേരില്‍ വന്‍പ്രചാരണവും കോലാഹലവും സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയും ചെയ്യും. ‘ബുള്‍ഡോസര്‍ ബാബ’ എന്ന വിളിപ്പേരും ആദിത്യനാഥിന് അനുയായികള്‍ നല്‍കി. തെരഞ്ഞെടുപ്പുകാലത്ത് നിര്‍ത്തിവച്ച ബുള്‍ഡോസര്‍ പ്രയോഗം വീണ്ടും ആരംഭിക്കുമെന്ന് ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ മധ്യപ്രദേശിലെയും ഗുജറാത്തിലെയും ബി.ജെ.പി സര്‍ക്കാരുകളും ബുള്‍ഡോസര്‍ പ്രയോഗം ഏറ്റെടുത്തു.

മധ്യപ്രദേശിലെ ഖാര്‍ഗോഢില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായതിൻ്റെ പേരില്‍ 16 വീടും മുപ്പതോളം കടയും പൊളിച്ചു. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് ‘ബുള്‍ഡോസര്‍ മാമ’ എന്ന പേരും വീണു. അനധികൃതകെട്ടിടങ്ങളാണ് പൊളിച്ചതെന്നു പറയുമ്പോഴും പ്രധാനമന്ത്രിയുടെ ഭവനനിര്‍മാണപദ്ധതി പ്രകാരം കെട്ടിയ വീടുകളും ഇതില്‍പെട്ടു. ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാകുന്നവരുടെ വീടുകളും തകര്‍ക്കുമെന്ന് യു.പി, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിലും ന്യൂനപക്ഷവിഭാഗങ്ങളുടെമാത്രം ചേരികള്‍ നീക്കംചെയ്യുന്നത് പതിവാണ്. ഈ തന്ത്രം ഡല്‍ഹിയില്‍ പരീക്ഷിക്കുന്നതിൻ്റെ ആദ്യചുവടുവയ്പാണ് ഉണ്ടായത്. ജഹാംഗിര്‍പുരിയില്‍ സംഘര്‍ഷം ഉണ്ടായതിനു തൊട്ടുപിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത ഉത്തര ഡല്‍ഹി നഗരസഭയ്ക്ക് കത്ത് നല്‍കി. അനധികൃത കുടിയേറ്റക്കാരാണ് സംഘര്‍ഷത്തിനു കാരണമെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ഗുപ്ത ആവശ്യപ്പെട്ടു. കത്ത് കിട്ടിയപാടേ ബി.ജെ.പി നഗരസഭ ഒഴിപ്പിക്കാനിറങ്ങി.
