ബിൽഡിംഗ് പെർമിറ്റ്: പുതിയ സോഫ്റ്റ് വെയർ ധൃതി പിടിച്ച് നടപ്പിലാക്കരുത്: അഡ്വ.വി.എം മുനീർ

  • Post category:local news
  • Reading time:1 min read
You are currently viewing ബിൽഡിംഗ് പെർമിറ്റ്: പുതിയ സോഫ്റ്റ് വെയർ ധൃതി പിടിച്ച് നടപ്പിലാക്കരുത്: അഡ്വ.വി.എം മുനീർ

കാസർകോട്: പൂർണ്ണമായി സജ്ജീകരിക്കാതെയും, സിവിൽ എഞ്ചീനിയർമാർക്ക് ആവശ്യമായ പരിശീലനം നൽകാതെയും നഗരസഭകളിൽ ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയർ നടപ്പിലാക്കുന്നത് അപേക്ഷകർക്കും, ഉദ്യോഗസ്ഥൻമാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ.

കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് പുതിയ സംവിധാനം പൂർണ്ണമായി സജ്ജീകരിക്കുന്നത് വരെ നിലവിലുള്ള സംവിധാനം തുടരാൻ നഗരസഭകളെ അനുവദിക്കണമെന്നും, സോഫ്റ്റ് വെയർ നടപ്പിലാക്കണമെന്ന സർക്കാർ നിർദ്ദേശം ഉള്ളതിനാൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാട്ടി. ഇത് വഴി അപേക്ഷ നൽകണമെങ്കിൽ കോഴിക്കോട് അർബൻ അഫയേഴ്സ് റജിസ്ട്രേഷൻ ചെയ്ത സിവിൽ എഞ്ചിനിയർമാർ മുഖേന മാത്രമേ സാധിക്കുകയുള്ളൂ.

ഭൂരിഭാഗം എഞ്ചീനിയർമാരും റജിസ്ട്രേഷൻ നടത്തിയിട്ടില്ല. കൂടാതെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ ആവശ്യമായ പരിജ്ഞാനവും മികച്ച കംപ്യൂട്ടർ സംവിധാനവും ഒരുക്കേണ്ടതുണ്ട്. ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തത് അപേക്ഷകൾ നൽകുന്നതിനും തടസ്സമുണ്ടാക്കുന്നു.

കെട്ടിട നിർമ്മാണ അപേക്ഷകൾ പരിശോധിച്ച് ചട്ടങ്ങളുടെ ലംഘനം ഉദ്യോഗസ്ഥ തല പരിശോധനയില്ലാതെ തന്നെ ജി.പി.എ.സു മായി ബന്ധപ്പെടുത്തി നിശ്ചിത നിർമ്മാണ സ്ഥലം കണ്ടെത്താനുള്ള സംവിധാനം ഇതിലുണ്ടെന്നാണ് പറയുന്നത്. എന്നാൽ പ്രാഥമിക ഘട്ടത്തിൽ അതിൻ്റെ ഉപയോഗം കിട്ടാത്ത സാഹചര്യമാണുള്ളതെന്നാണ് അറിയുന്നത്.

ഇക്കാര്യം പരിശോധിക്കുന്നതിനും പൂർണ്ണമായ രീതിയിൽ ഐ.ബി.പി.എം.എസ് സംവിധാനമൊരുക്കുന്നതിനും ഉദ്യോഗസ്ഥൻമാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും നടപടിയുണ്ടാകണമെന്നും അത് വരെ നിലവിലുള്ള സംവിധാനം തുടരുന്നതിന് അനുമതി നൽകണമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, നഗര കാര്യ ഡയരക്ടർ, എൽ.എസ്.ജി.ഡി ചീഫ് എഞ്ചീനിയർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

0Shares