
അദ്ഭുതങ്ങളുടെ നാടാണ് ഈജിപ്ത്. ചരിത്രവും കഥകളും കെട്ടുകഥകളുമായി ഈജിപ്ത് എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. അടുത്തിടെ ഈജിപ്തിൽ കണ്ടെത്തിയ ഒരു ബുദ്ധപ്രതിമ ഗവേഷകരുടെ മുമ്പിൽ വിജ്ഞാനത്തിൻ്റെ മഹാജാലകങ്ങളാണു തുറന്നിടുന്നത്. ചെങ്കടലിൻ്റെ തീരത്തുള്ള പുരാതന തുറമുഖമായ ബെറനീസിലാണ് ബുദ്ധൻ്റെ പൂർണരൂപത്തിലുള്ള പ്രതിമ കണ്ടെത്തിയത്.
റോമൻ സാമ്രാജ്യവും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളാണിതെന്ന് പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടു. ബെറനീസിലെ പുരാതനക്ഷേത്രത്തിൽ നടത്തിയ ഖനനത്തിനിടെയാണ് ബുദ്ധപ്രതിമ കണ്ടെത്തിയതെന്ന് പോളിഷ്യുഎസ് ഗവേഷകസംഘത്തിലെ ശാസ്ത്രജ്ഞർ അറിയിച്ചു.
റോമൻ കാലഘട്ടത്തിൽ ഈജിപ്തും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലേക്കാണ് കണ്ടെത്തലുകൾ വാതിൽതുറക്കുന്നതെന്ന് ഈജിപ്ത് പുരാവസ്തു കൗൺസിൽ മേധാവി മുസ്തഫ അൽ വസീറി പറഞ്ഞു.
ഖനനത്തിൽ കണ്ടെത്തിയ ബുദ്ധപ്രതിമയ്ക്ക് 28 ഇഞ്ച് വലിപ്പമുണ്ട്. പ്രതിമയുടെ വലതുഭാഗത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലതുകാലും നഷ്ടപ്പെട്ടിട്ടുണ്ട്. തലയ്ക്കു ചുറ്റം പ്രഭാവലയവും പാദത്തിനോടു ചേർന്നു താമരപ്പൂവും ഉണ്ട്. ഇവയൊഴിച്ചാൽ കാര്യമായ മറ്റു കേടുപാടുകൾ പ്രതിമയ്ക്കു സംഭവിച്ചിട്ടില്ല.

റോമൻ കാലഘട്ടത്തിൽ ഈജിപ്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായിരുന്നു ബെറനീസ്. സുഗന്ധദ്രവ്യങ്ങൾ, അമൂല്യമായ രത്നങ്ങൾ, തുണിത്തരങ്ങൾ, ആനക്കൊമ്പ് എന്നിവയടങ്ങിയ ഇന്ത്യയിൽ നിന്നുള്ള കപ്പലുകൾ വ്യാപാര ആവശ്യങ്ങൾക്കായി തുറമുഖത്ത് എത്തിയിരുന്നു.
സമീപകാലങ്ങളിൽ നിരവധി സുപ്രധാന പുരാവസ്തുകണ്ടെത്തലുകൾ ഈജിപ്തിൽ നടന്നിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ അശാന്തിക്കു ശേഷവും കോവിഡ് മഹാമാരിയിൽ നിന്നു ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇത്തരം ഗവേഷണങ്ങളും പഠനങ്ങളും വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവു പകരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
