വിവാഹ തലേന്ന് സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു പാറക്കുളത്തിലേക്ക് വീണു; രക്ഷിക്കാൻ പ്രതിശ്രുതവരനും ചാടി, വിവാഹം മാറ്റിവെച്ചു

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing വിവാഹ തലേന്ന് സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു പാറക്കുളത്തിലേക്ക് വീണു; രക്ഷിക്കാൻ പ്രതിശ്രുതവരനും ചാടി, വിവാഹം മാറ്റിവെച്ചു

കൊല്ലം: വിവാഹ തലേന്ന് സെൽഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു 150 അടി താഴ്‌ചയുള്ള പാറക്കുളത്തിലേക്ക് വീണു. 50 അടിയോളം വെള്ളമുള്ള പാറക്കുളത്തിലേക്ക് രക്ഷിക്കാനായി പ്രതിശ്രുത വരനും ചാടി. ഒടുവിൽ യുവതിയെയും പിടിച്ച്, പാറയിൽ പിടിച്ച് ഇരിക്കുകയായിരുന്നു ഇരുവരും. ഓടിക്കൂടിയ നാട്ടുകാരും അഗ്നശമന സേനയും ചേർന്നാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. പരവൂർ സ്വദേശി വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി സ്വദേശിനി സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിനാൽ വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചു.

വിവാഹ തലേന്നാണ് വിനുവും സാന്ദ്രയും കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്തെ പാറക്വാറിയ്ക്ക് മുകളിലെത്തിയത്. തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ഇവിടെ പാറപൊട്ടിക്കൽ ഒരുവർഷം മുമ്പ് അവസാനിപ്പിച്ചിരുന്നു. വർഷങ്ങളായി ഖനനം നടത്തിയതിന്‍റെ ഭാഗമായാണ് അഗാധമായ ഗർത്തവും പാറക്കുളവും രൂപപ്പെട്ടത്.

പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിന് സമീപത്തുകൂടി കാട്ടുപുറത്തെ പാറക്കുളത്തിന് സമീപത്തേക്കാണ് വ്യാഴാഴ്‌ച രാവിലെയോടെ വിനുവും സാന്ദ്രയും എത്തിയത്. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സാന്ദ്ര പാറക്കുളത്തിലേക്ക് വീണത്. ഇതോടെ രക്ഷിക്കാനായി വിനുവും കൂടെ ചാടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പൊങ്ങുകയായിരുന്ന സാന്ദ്രയെ പിടിച്ചെടുത്ത് സമീപത്തെ പാറയ്ക്ക് അരികിലേക്ക് വിനു എത്തിക്കുകയായിരുന്നു. ഇരുവരും പാറയിൽ അള്ളിപ്പിടിച്ച് നിന്നു.

അതിനിടെ സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് ജോലി ചെയ്തുകൊണ്ടു നിന്ന യുവാവാണ് പാറക്കുളത്തിലേക്ക് അടുപ്പിച്ച് രണ്ടുതവണ എന്തോ വീണ ശബ്ദം കേട്ട് ഓടിയെത്തിയത്. ഈ സമയം പാറയിൽ അള്ളിപ്പിടിച്ചിരിക്കുന്ന യുവാവിനെയും യുവതിയെയുമാണ് കണ്ടത്. തുടർന്ന് ഇയാൾ നാട്ടുകാരെ വിളിച്ചുകൂട്ടി. എന്നാൽ നീന്തൽ അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല. അതിനിടെ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. അതിനിടെ സാന്ദ്രയും വിനുവും നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചു വെള്ളത്തിൽ കിടന്നു. അതിനിടെ ടയർ കടയിൽ നിന്ന് ലോറിയുടെ ട്യൂബും എത്തിച്ചു.

പിന്നീടാണ് സമീപത്തെ വീട്ടിൽ നിന്ന് മീൻ പിടിക്കാനായി നിർമ്മിച്ച ചങ്ങാടത്തിൽ സുധീഷ്, ശരത്ത് എന്നീ ചെറുപ്പക്കാർ ടയറിന്‍റെ ട്യൂബുമായി വെള്ളത്തിലേക്ക് ചാടിയത്. ഇവർ സാന്ദ്രയുടെയും വിനുവിന്‍റെയും അടുത്തെത്തി. ആദ്യം സാന്ദ്രയെ ചങ്ങാടത്തിൽ കയറ്റി സുരക്ഷിതമായി കരയിൽ എത്തിച്ചു. ഈ സമയം കൂടുതൽ ഉറപ്പുള്ള കയർ ഉപയോഗിച്ച് വിനുവിനെ ബന്ധിപ്പിച്ച് നിർത്തി.

പിന്നീട് തിരികെയെത്തി വിനുവിനെയും കരയ്ക്കെത്തിക്കുകയായിരുന്നു. ഉടൻ തന്നെ സാന്ദ്രയെയും വിനുവിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലായതിനാൽ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചിട്ടുണ്ട്. ദുബായിലായിരുന്ന വിനു ഒരാഴ്‌ച മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

ചാത്തന്നൂർ എസി.പി ബി.ഗോപകുമാർ, പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽ ജബ്ബാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. അഗ്നിരക്ഷാ സേന കല്ലമ്പലം അസിസ്റ്റണ്ട് സ്റ്റേഷൻ മാസ്റ്റർ ബി.ശ്രീകുമാർ, ഫയർ ഓഫിസർ വി.എസ് ഷാജി, അഗ്നിരക്ഷാ സേനയിലെ പി.പ്രവീൺസ വിഷ്ണു എസ്.നായർ, ആർ.അരവിന്ദ്, അനന്തു, ബിജു, സുജിത് എന്നിവരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

കൊല്ലന്ന് നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാർ ഒന്നിച്ചതോടെയാണ് രക്ഷാ പ്രവർത്തനം എളുപ്പമായത്. പാറക്കുളത്തിൽ കുടുങ്ങിയ പ്രതിശ്രുത വധുവിനും വരനും എറിഞ്ഞു നൽകാനായി പ്രദേശത്തെ വീടുകളിലെ കിണറുകളിൽ നിന്നാണ് കയർ അഴിച്ചെടുത്തത്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഒരു മനസോടെ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

0Shares