
കാസർകോട്: മാലിന്യ സംസ്‌കരണത്തിന് സ്ഥലമില്ലെങ്കിലും ഇനി കാഞ്ഞങ്ങാട്ടെ നഗരവാസികള്‍ക്ക് പേടിക്കണ്ട. മാലിന്യസംസ്‌കരണ പ്രതിസന്ധിക്ക് പരിഹാരമായി ബൊക്കാഷി ബക്കറ്റ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. ഒരു ബക്കറ്റ് ഉപയോഗിച്ച് അടുക്കള മാലിന്യങ്ങളെ എളുപ്പത്തില്‍ വളമാക്കി മാറ്റാന്‍ ബൊക്കാഷി ബക്കറ്റിലൂടെ സാധിക്കും. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ ബൊക്കാഷി ബക്കറ്റ് വിതരണം നടത്തുക.
കാഞ്ഞങ്ങാട് നഗരസഭയിലെ 1000 കുടുംബങ്ങള്‍ക്കാണ് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്നത്. വിലയുടെ പത്ത് ശതമാനം ഉപഭോക്താക്കള്‍ നല്‍കണം. ബാക്കി 90 ശതമാനം നഗരസഭ വഹിക്കും.
എന്താണ് ബൊക്കാഷി ബക്കറ്റ്
നഗരവാസികള്‍ക്ക് മാലിന്യം ഇന്നും ശാശ്വത പരിഹാരം കാണാത്ത ഒരു പ്രശ്‌നമാണ്. ജൈവമാലിന്യം ബക്കറ്റില്‍ സൂക്ഷിച്ചു അതിലേക്ക് ബാക്ടീരിയ ചേര്‍ത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി. അടുക്കള മാലിന്യങ്ങളെ ബൊക്കാഷിയിലൂടെ വളമാക്കി മാറ്റുമ്പോള്‍ ഒരു തരത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടാകില്ല എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, വേസ്റ്റ് പ്രസ്സര്‍, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാകുക.
ബൊക്കാഷി നിര്‍മാണത്തിനു വേണ്ട പ്രധാന ഘടകം ലാക്‌റ്റോബാസിലസ് ബാക്ടീരിയയാണ്. ഗുണപ്രദമായ ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബക്കറ്റിനൊപ്പം ലഭിക്കും. ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റുന്നത്. നിക്ഷേപിക്കുന്ന മാലിന്യത്തിൻ്റെ അളവിന് ആനുപാതികമായി പൊടി ചേര്‍ക്കണം. ഈ ബാക്ടീരിയയാണ് ദുര്‍ഗന്ധം വരാതെ കമ്പോസ്റ്റ് തയ്യാറാക്കാന്‍ സഹായിക്കുന്നത്.
കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ബക്കറ്റില്‍ ആദ്യം ശര്‍ക്കര ഇടണം. അതിനു മുകളില്‍ അരിപ്പ വെച്ച് അടക്കുക. പിന്നീട് ജൈവ മാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് നിറഞ്ഞ ശേഷം വായു കടക്കാതെ 15 ദിവസം അടച്ചു വച്ചാല്‍ കമ്പോസ്റ്റ് തയ്യാറാകും. പച്ചക്കറി മാലിന്യം, ഭക്ഷണാവശിഷ്ടങ്ങള്‍, മുട്ടത്തോട് മുതലായവ ബൊക്കാഷിയില്‍ ഇട്ടു കൊടുക്കാം. ദ്രാവകങ്ങള്‍ ഒന്നും പാടില്ല. വായുകടക്കാതെ പുളിപ്പിക്കല്‍ പ്രക്രിയയാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.

ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവ വളമായും ബക്കറ്റിൻ്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം. 2800 രൂപയാണ് ഒരു ബൊക്കാഷി ബക്കറ്റിൻ്റെ വില.12 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഗുണഭോക്താക്കളുടെ പട്ടിക നഗരസഭ തയ്യാറാക്കും.
അടുക്കള മാലിന്യങ്ങളെ ശരിയായ രീതിയില്‍ എളുപ്പത്തില്‍ വളമാക്കിമാറ്റന്‍ ബൊക്കാഷി ബക്കറ്റിലൂടെ സാധിക്കും. നഗരസഭയില്‍ ചെറിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത പറഞ്ഞു.
