
കഴിഞ്ഞദിവസം മംഗളൂരുവിനെ ഞെട്ടിച്ച് നടന്ന സ്‌ഫോടനക്കേസിലെ പ്രതിക്ക് എറണാകുളത്ത് നിന്ന് സഹായം ലഭിച്ചതായി സ്ഥിരീകരണം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവമോഗ സ്വദേശി ഷാരിഖിന് സ്‌ഫോടനം നടത്താനുള്ള ചില സാമഗ്രികള്‍ എത്തിയത് ആലുവയില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതി സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരില്‍ നിന്നാണ്. സ്‌ഫോടനം നടത്തുന്നതിന് മുമ്പ് ഷാരിഖ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി അന്വേഷണ സംഘം പറയുന്നു. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ഇയാള്‍ ആലുവയില്‍ എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഷാരിഖില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ആലുവയിലെ ചില സ്ഥലങ്ങളില്‍ പരിശോധനയും നടത്തി. മംഗളുരൂ നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താനാണ് ഷാരിഖും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള സ്ഥലവും അവര്‍ തീരുമാനിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്‍ഡിലേക്ക് പോകാനായി മംഗളൂരു സ്വദേശിയായ പുരുഷോത്തമന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്.
യാത്രയ്ക്കിടെ ഘര്‍ഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗില്‍ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നത്. ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൈസൂരുവിലെ മെറ്റഗള്ളി ലോകനായക് നഗറിലാണ് പ്രതി ഒരു മാസത്തിലേറെയായി താമസിച്ചിരുന്നത്.
