യു.പിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ പത്തിലധികം സ്ഥലങ്ങളിൽ കരിങ്കൊടിയും ചളി വാരി എറിയലും

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ പത്തിലധികം സ്ഥലങ്ങളിൽ കരിങ്കൊടിയും ചളി വാരി എറിയലും

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേര്‍ക്ക് കരിങ്കൊടി കാണിക്കുകയോ ചളി വാരി എറിയുകയോ ചെയ്ത പത്തിലധികം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഫെബ്രുവരി 10, 14 തീയതികളില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ യു.പിയില്‍ വോട്ടെടുപ്പ്. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ സംഭവങ്ങളില്‍ പോലിസ് കേസുകളും രജിസ്ട്രര്‍ ചെയ്തു.

ജനുവരി 24 ന് വൈകിട്ട് ചൂര്‍ ഗ്രാമത്തില്‍ ബി.ജെ.പിയുടെ സിവാല്‍ഖാസ് സ്ഥാനാര്‍ത്ഥി മനീന്ദര്‍പാല്‍ സിങ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ തിരിച്ചറിയുന്ന 20 പേര്‍ക്കെതിരെയും അജ്ഞാതരായ 65 പേര്‍ക്കെതിരെയും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിങ് പരാതി നല്‍കിയില്ലെങ്കിലും വ്യാഴാഴ്ച പോലിസ് സ്വന്തം നിലയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു.

‘എന്നെ പിന്തുടരുന്ന ഏഴ് കാറുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഞാന്‍ പരാതി നല്‍കിയിട്ടില്ല. ഇവര്‍ ഞങ്ങളുടെ സ്വന്തം ആളുകളാണ്, ഞാന്‍ അവരോട് ക്ഷമിക്കുന്നു. പക്ഷേ ജനാധിപത്യത്തില്‍ വോട്ട് തേടുന്നവര്‍ക്ക് നേര്‍ക്ക് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുത്,’ സിങ് പറഞ്ഞു.
കല്ലെറിഞ്ഞവര്‍ രാഷ്ട്രീയ ലോക്ദളിൻ്റെ (ആര്‍.എല്‍.ഡി) പതാകകള്‍ വഹിച്ചവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും പോലിസ് എഫ്‌.ഐ.ആറില്‍ പറയുന്നു.

‘ലഭ്യമായ വീഡിയോ ദൃശ്യങ്ങളിലൂടെ ഞങ്ങള്‍ അവരെ തിരിച്ചറിയുന്നുണ്ട്, നടപടിയെടുക്കും,’ സര്‍ധന പോലിസ് സ്റ്റേഷൻ്റെ ചുമതലയുള്ള ലക്ഷ്മണ്‍ വര്‍മ പറഞ്ഞു. 2017ലെ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ.പി തൂത്തുവാരിയിരുന്നു. എന്നാല്‍ ഇത്തവണ മോദി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ, ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം സ്ഥിതി മാറി. ഇത്തവണ കടുത്ത പോരാട്ടമാണ് പ്രദേശത്ത് ബി.ജെ.പി നേരിടുന്നത്.

0Shares