ഇന്ധനവില കുറയ്ക്കും; ലോകമാകെ രാമായണ ഉത്സവം, 14 ഭാഗങ്ങളുള്ള പ്രകടന പത്രികയുമായി ബി.ജെ.പി

  • Post category:national / news
  • Reading time:1 min read
You are currently viewing ഇന്ധനവില കുറയ്ക്കും; ലോകമാകെ രാമായണ ഉത്സവം, 14 ഭാഗങ്ങളുള്ള പ്രകടന പത്രികയുമായി ബി.ജെ.പി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് 14 ഭാഗങ്ങളുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിൻ്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് നൽകിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.

ലഖ്‍പതി ദീദി പദ്ധതി, മൂന്ന് കോടി സ്ത്രീകൾക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തിൽ കൊണ്ടുവരും, മെട്രോ റെയിൽ ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണോത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരും, വടക്ക്- തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിൻ്റെ സാധ്യത പഠനം നടത്തും, 6G സാങ്കേതിക വിദ്യ പ്രഖ്യാപിക്കും എന്നതടക്കം നിരവധി പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.

പത്രിക പുറത്തിറക്കിയതിന് പിന്നാലെ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്‌ത്‌ സംസാരിച്ച പ്രധാനമന്ത്രി, കേരളത്തിലെ വിഷു ആഘോഷത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ ആശംസകൾ നേര്‍ന്നാണ് പ്രസംഗം ആരംഭിച്ചത്.

രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബി.ജെ.പി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടന പത്രികയിൽ പറയാറുള്ളൂ. നാല് വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി.

സൗജന്യ റേഷൻ അടുത്ത അഞ്ചു വർഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബിൽ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും.

മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകൾ നിർമ്മിക്കും. ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകൾ നൽകുമെന്നും നരേന്ദ്ര മോദി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

0Shares