ഗുജറാത്തില്‍ മുസ്‍ലിം വോട്ടുകള്‍ പിളര്‍ത്തി ബി.ജെ.പി; വിജയം ഒരൊറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ

  • Post category:national / news
  • Reading time:1 min read
You are currently viewing ഗുജറാത്തില്‍ മുസ്‍ലിം വോട്ടുകള്‍ പിളര്‍ത്തി ബി.ജെ.പി; വിജയം ഒരൊറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ

അഹ്മദാബാദ്: ഗുജറാത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കി റെക്കോര്‍ഡ് വിജയത്തോടെ ബി.ജെ.പി ഏഴാം തവണയും അധികാരം നിലനിര്‍ത്തിയത് എങ്ങനെയെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ഒറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയെ പോലും കളത്തിലിറക്കാതെ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യം നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.

കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി ഗുജറാത്തിലെ മുസ്‍ലിം ഭൂരിപക്ഷമുള്ള പല മണ്ഡലങ്ങളിലും മേധാവിത്വം നേടാന്‍ ബി.ജെ.പിക്ക് സാധിച്ചു.ഏറ്റവും കൂടുതല്‍ മുസ്‍ലിം വോട്ടര്‍മാരുള്ള 17 മണ്ഡലങ്ങളില്‍ 12 എണ്ണത്തിലും ബി.ജെ.പിയാണ് മുന്നില്‍. അഞ്ചെണ്ണത്തില്‍ മാത്രമേ കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളൂ.

മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഈ വോട്ടുകളെല്ലാം പോയത് കോണ്‍ഗ്രസിൻ്റെ അക്കൗണ്ടിലേക്കായിരുന്നു. ഉദാഹരണമായി, 10 വര്‍ഷമായി കോണ്‍ഗ്രസ് കൈയടക്കി വെച്ച മണ്ഡലമാണ് മുസ്‍ലിം ഭൂരിപക്ഷമുള്ള ദരിയാപൂര്‍. ഇവിടെ കോണ്‍ഗ്രസ് എം.എല്‍.എ ഗിയാസുദ്ദീന്‍ ശൈഖ് ബി.ജെ.പി സ്ഥാനാര്‍ഥിയായ കൗശിക് ജെയിനിനോട് പരാജയം ഏറ്റുവാങ്ങി.

സ്ഥാനാര്‍ഥികളെ നിര്‍ത്തിയ 16 മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും എ.എ.പിക്ക് ചലനമുണ്ടാക്കാനായില്ല. അതേസമയം, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും എ.എ.പിക്കും കോണ്‍ഗ്രസിൻ്റെ പരമ്പരാഗത മുസ്‍ലിം വോട്ടുകള്‍ പിളര്‍ത്താന്‍ സാധിച്ചു. രണ്ട് മുസ്‍ലിം ഇതരടക്കം എ.ഐ.എം.ഐ.എം 13 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. തുടര്‍ന്ന് വാദ്ഗാം ജമല്‍പൂര്‍- ഘാഡിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചു. കോണ്‍ഗ്രസിൻ്റെ ഇംറാന്‍ ഖേഡവാലയാണ് ജമല്‍പൂരില്‍ പരാജയപ്പെട്ടത്. വാദ്ഗാമില്‍ നേരിയ വോട്ടിനാണ് ജിഗ്നേഷ് മേവാനി വിജയിച്ചത്.

0Shares