
ബെംഗളുരു: കേരളത്തിലെ എൽ.ഡി.എഫിനെ വെട്ടിലാക്കി കർണാടകയിലെ എൻ.ഡി.എ പോസ്റ്റർ. പോസ്റ്ററിൽ എൽ.ഡി.എഫ് മന്ത്രിയും നേതാക്കളുമാണുള്ളത്. കേരളത്തിൽ എൽ.ഡി.എഫ് മുന്നണിയിലുളള ജെ.ഡി.എസിൻ്റെ സംസ്ഥാന അധ്യക്ഷൻ മാത്യു.ടി തോമസിൻ്റെയും മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് കർണാടകയിലെ ബി.ജെ.പിയുടെ പോസ്റ്ററിലുളളത്.
ബെംഗളുരു റൂറലിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽ.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്.

ജെ.ഡി.എസിൻ്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെ.ഡി.എസ് ദേശീയ തലത്തിൽ എൻ.ഡി.എക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ ഇടതു മുന്നണിക്ക് ഒപ്പമാണ്.
വ്യാഴാഴ്‌ച ബെംഗളുരുവിലെ റെയിൽവേ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ആയിരുന്നു കേരളത്തിലെ ജെ.ഡി.എസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബി.ജെ.പി പ്രതികരിച്ചത്. സംഭവത്തോട് കേരളത്തിലെ നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
