
തിരുവനന്തപുരം: നവകേരള സദസ്സിൻ്റെ തിരുവനന്തപുരം ചിറയിന്‍കീഴ് മണ്ഡലത്തിലെ പരിപാടിക്ക് നേതൃനിരയില്‍ ബി.ജെ.പി അംഗം എത്തിയതിനെ ചൊല്ലി വിവാദം. മംഗലപുരം ഗ്രാമ പഞ്ചായത്തംഗം കൂടിയായ കുടവൂര്‍ വാര്‍ഡിലെ തോന്നയ്ക്കല്‍ രവി, നവകേരള സദസിൻ്റെ സബ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റടുത്തതാണ് രാഷ്ടീയ വിവാദമായിരിക്കുന്നത്.
മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു തോന്നയ്ക്കല്‍ രവിയെന്നും ബി.ജെ.പിയുടെ നയപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലായ്‌മ ആയിരിക്കാം നവകേരള യാത്രയുടെ ഭാരവാഹിയായതെന്നും ബി.ജെ.പി ചിറയിന്‍കീഴ് നിയോജക മണ്ഡലം പ്രസിഡണ്ട് ശാര്‍ക്കര ഹരി പറഞ്ഞു. ഇതിനെതിരെ ബി.ജെ.പി നേതൃത്വം വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ പാര്‍ട്ടി നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചാലും പരിപാടിയില്‍ നിന്ന് മാറിനില്‍ക്കില്ലെന്ന് രവി അറിയിച്ചതോയെ ബി.ജെ.പി നേതാക്കള്‍ അങ്കലാപ്പിൽ ആയിരിക്കുകയാണ്.

നവകേരള സദസിൻ്റെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി മേല്‍ഘടകത്തില്‍ നിര്‍ദ്ദേശമൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് രവി പറയുന്നത്. നവകേരള സദസ്സിനെ രാഷ്ട്രീയമായി കാണരുത്. പാര്‍ട്ടി എതിര്‍ത്താലും സദസ്സില്‍ പങ്കെടുക്കും. ജനങ്ങളുടെ പ്രശ്നം മാത്രമാണ് തൻ്റെ മുന്നിലുള്ളതെന്നും തോന്നയ്ക്കല്‍ രവി പറഞ്ഞു.
ഡിസംബര്‍ 21നാണ് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നവകേരളസദസ് നടക്കുന്നത്. നവകേരള സദസിൻ്റെ ഭാരവാഹികളായി ഓരോ പഞ്ചയത്തിലെയും അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ കണ്‍വീനറുമാരും, കൂടാതെ പ്രസിഡണ്ടുമാര്‍ ചെയര്‍മാന്‍മാരുമാകും. ഇതില്‍ അഞ്ച് സബ് കമ്മിറ്റികളും രൂപീകരിക്കും. സാധാരണ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കാണ് സബ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കുക.
മംഗലപുരത്ത് നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളാണുള്ളത്. എന്നാല്‍ അഞ്ചാമത്തെ ആളായിട്ടാണ് തോന്നയ്ക്കല്‍ രവിയെ തിരിഞ്ഞെടുത്തത്. മംഗലപുരത്ത് രവിയടക്കം മൂന്നു ബി.ജെ.പി അംഗങ്ങളാണുള്ളത്. മുല്ലശേരി വാര്‍ഡിലെ മീന, വെയിലൂര്‍ വാര്‍ഡിലെ അരുണ്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇവരെയും അതത് വാര്‍ഡുതല ചെയര്‍മാന്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്.
