
കാസർകോട്: ജില്ലാ കമിറ്റി ഓഫീസ് സ്വന്തം പാർട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി പരസ്യ പ്രതിഷേധം നടത്തിയ സംഭവം ബി.ജെ.പിക്ക് വലിയ നാണക്കേടാനുണ്ടാക്കി. ഞായറാഴ്ച രാവിലെയാണ് അസാധാരണ സംഭവം കാസർകോട് നടന്നത്. കുറെ കാലമായി കാസർകോട്ടെ ബി.ജെ.പിയിൽ അണികള്‍ക്കിടയില്‍ പുകയുന്ന വിയോജിപ്പാനാണ് പുതിയ സംഭവങ്ങളോടെ പശ്ചാത്തലത്തിൽ മറനീക്കി പുറത്തുവന്നത്.
പ്രതിഷേധിച്ച പ്രവർത്തകർ ഉയർത്തിയത് ബി.ജെ.പി മുൻ ജില്ലാ അധ്യക്ഷന് അഡ്വ. കെ ശ്രീകാന്തിന് എതിരായ വികാരമായിരുന്നു. കുമ്പള ഗ്രാമപഞ്ചായതില്‍ ബി.ജെ.പി പിന്തുണയോടെ സി.പി.എം അംഗം കൊഗ്ഗു സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടെതോടെയാണ് പാർട്ടിയിൽ പുതിയ പ്രശ്‌നങ്ങൾക്ക് കാരണം. ബി.ജെ.പി പ്രവര്‍ത്തകന്‍ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ കൊഗ്ഗു പ്രതിയായിരുന്നു. ഈ അടുത്തിടെയാണ് കേസിൽ പ്രതിയായ കൊഗ്ഗു അടക്കമുള്ളവരെ ജില്ലാ സെഷന്‍സ് കോടതി ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതോടെ ബി.ജെ.പിയിൽ വിവാദം കനത്തു.
പാർട്ടി അംഗത്തെ കൊന്നയാളുമായി കൈകോർത്ത് ഭരണം നടത്തുന്നത് ശരിയല്ല എന്നാണ് അണികളുടെ വികാരം. ഇതിന് മറുപടി നൽകാൻ പാർട്ടി തയ്യാറായില്ല. സി.പി.ഐ.എം – ബി.ജെ.പി ബന്ധം ഇപ്പോഴും ദൃഢമായി തുടരുന്നു. ഇത് അണികളെ ചൊടിപ്പിച്ചു. മാത്രവുമല്ല ബി.ജെ.പി- ആർ.എസ്.എസ് പ്രവര്‍ത്തകനായ അണങ്കൂർ ജെ.പി കോളനിയിലെ ജ്യോതിഷ് ആത്മഹത്യ ചെയ്ത സംഭവത്തിലും അണികൾ കൂടുതൽ നിരാശരായി. ജ്യോതിഷിന് ആവശ്യമുള്ള പിന്തുണ പാർട്ടി നേതൃത്വം നൽകിയില്ല എന്നാണ് അണികൾ പറയുന്നത്. ഈ സംഭവത്തിന് ശേഷമാണ് പ്രവർത്തകർ നേതാക്കൾക്കിടയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയത്. അണികളുടെ വികാരം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ് രാജിവെച്ചതും.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് മേഖലയിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഒരുമിച്ച് എത്തിയാണ് ഞായറാഴ്ച രാവിലെ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഓഫീസിന് താഴിട്ട് പൂട്ടുകയുമായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഓഫീസില്‍ എത്തുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ എത്തിയത്. പ്രതിഷേധം അറിഞ്ഞതുമൂലം സുരേന്ദ്രൻ കാസർകോട്ടേക്ക് എത്തിയില്ല. യാത്ര റദ്ദാക്കി കണ്ണൂരിൽ നിന്നും മടങ്ങി എന്നാണ് വിവരം.

നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രവർത്തകർ ഉയർത്തുന്നത്. ജില്ലാ കാര്യാലയം താഴിട്ടു പൂട്ടുന്ന അവസ്ഥയുണ്ടായിരിക്കുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. സി.പി.എം അംഗം സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനാവുന്നതിന് ഒത്താശ ചെയ്ത നേതാക്കള്‍ക്ക് എതിരെ നടപടി വേണമെന്നും കുമ്പള പഞ്ചായതിലെ രണ്ട് ബിജെപി സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്മാര്‍ രാജിവെക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. സംഭവം സംസ്ഥാന നേതാക്കൾ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടിലാണ് നിലവിലെ ബി.ജെ.പി ജില്ലാ അധ്യക്ഷൻ രവീശ തന്ത്രി കുണ്ടാർ.
