
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനുകളിലും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽ.ഡി.എഫിന് വൻ മുന്നേറ്റം. മുനിസിപ്പിലാറ്റികളിൽ മാത്രമാണ് യു.ഡി.എഫ് മുന്നേറുന്നത്. ആറ് കോർപ്പറേഷനുകളിൽ നാലിലും എൽ.ഡി.എഫാണ് മുന്നിൽ. 14 ജില്ലാ പഞ്ചായത്തുകളിൽ പത്തിനും എൽ.ഡി.എഫ് മുന്നിൽ നിൽക്കുന്നു.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 109ലും 941 ഗ്രാമ പഞ്ചായത്തുകളിൽ 501ലും എൽ.ഡി.എഫ് മുന്നേറ്റംം. 86 മുനിസിപ്പാലിറ്റികളിൽ 41ൽ യു.ഡി.എഫും 39ൽ എൽ.ഡി.എഫും മുന്നിൽ നിൽക്കുന്നു. തിരുവനന്തപുരത്ത് എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു. ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. ഒഞ്ചിയത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് അധികാരം നിലനിർത്തി. പാലായിൽ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ് ഭരണം നേടി. കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫ് മുന്നിൽ. 33 സീറ്റാണ് ഇവിടെ എൽ.ഡിഎ.ഫ് നേടിയത്. 30 സീറ്റുകളിൽ യു.ഡി.എഫും അഞ്ചിടത്ത് എൻ.ഡി.എയും ജയിച്ചു.
നാലു സ്വതന്ത്രരാണ് ഇവിടെ ജയിച്ചിരിക്കുന്നത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യു.ഡി.എഫിന് ലീഡ് ചെയ്യാൻ കഴിയുന്നത്.പാലക്കാട്, ചെങ്ങന്നൂർ, ഷോർണൂർ നഗരസഭയിൽ ബി.ജെ.പിക്ക് നേട്ടമുണ്ടായി. അങ്കമാലി, കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. കൊച്ചി കോർപറേഷനിൽ ഒരിടത്ത് വിജയിക്കുകയും നാലിടത്ത് ലീഡ് ചെയ്യുകയുമാണ്.
കോഴിക്കോട് മേയറുടെ വാർഡ് ബി.ജെ.പി പിടിച്ചെടുത്തു. തൃശൂർ കോർപറേഷനിൽ ബി.ജെ.പി വക്താവും മേയർ സ്ഥാനാർത്ഥിയുമായ ബി.ഗോപാലകൃഷ്ണൻ 241 വോട്ടിന് പരാജയപ്പെട്ടു. യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്. ജോസ് കെ.മാണിയിലുടെ പാലാ നഗരസഭയിലാണ് എൽ.ഡി.എഫ് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയത്. ജോസ്-ജോസഫ് നേരിട്ട് ഏറ്റുമുട്ടിയ നാല് വാർഡുകളിലും ജോസ് പക്ഷം വിജയിച്ചു.
യു.ഡി.എഫിന്‍റെ ചെയർമാൻ സ്ഥാനാർത്ഥി കുര്യാക്കോസ് പടവൻ തോറ്റു. 13 വാർഡുകളിലെ ഫലം അറിവായപ്പോൾ 9 ഇടത്ത് എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും വിജയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഷോൺ ജോർജ് ലീഡ് ചെയ്യുന്നു. കൊടുവള്ളിയിൽ സ്വതന്ത്രസ്ഥാനാർത്ഥി കാരാട്ട് ഫൈസലിന് ജയം. ഔദ്യോഗിക എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്.

ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും മുന്നേറുന്നു. തലസ്ഥാനത്ത് എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥികൾ തോറ്റു. എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയർ ശ്രീകുമാർ കരിക്കകം വാർഡിലും തോറ്റു.
പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് തകർന്നു. അകത്തേത്തറയിലും മലമ്പുഴയിലും ബി.ജെ.പി മുന്നേറ്റം. പട്ടാമ്പിയിൽ യു.ഡി.എഫ് വിമതർ നിർണ്ണായക ശക്തിയായി. പട്ടാമ്പിയിൽ ആറ് വാർഡുകളിൽ ആണ് കോൺഗ്രസ്സ് വിമതർ വിജയിച്ചത്. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ എൽ.ഡി.എഫിന് വിജയം. ഉള്ള്യേരി പഞ്ചായത്തിൽ കെ .സുരേന്ദ്രന്‍റെ സഹോദരന് തോൽവി. എൻ.ഡി.എ സ്ഥാനാർത്ഥി കെ. ഭാസ്‌കരനാണ് തോറ്റത്. കിഴക്കമ്പലത്തിനു പുറമെ ഐക്കരനാടും ട്വന്റി ട്വന്റി പിടിച്ചെടുത്തു. മഴുവന്നൂരിലും കുന്നത്തുനാട്ടിലും ട്വന്റി ട്വന്റിക്ക വിജയം നേടി.
പന്തളം നഗരസഭയിൽ എൻ.ഡി.എ. ഭരണം പിടിച്ചെടുത്തു. എൽ.ഡി.എഫ്. ഭരിച്ചിരുന്ന നഗരസഭയിൽ 17-ഇടത്ത് എൻ.ഡി.എ. വിജയിച്ചു. ബി.ജെ.പി.ക്ക് വൻ മുന്നേറ്റം. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. ഒഞ്ചിയത്ത് എൽ.ഡി.എഫ് ആർ.എം.പി സ്ഥാനാർത്ഥിയെ തോൽപിച്ചു. കണ്ണൂർ കോർപ്പറേഷനിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു.
