
കാസര്‍കോട് ജില്ലയിൽ നിർണ്ണായക പോരാട്ടം നടന്ന മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ പരാജയപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്‌ലിം ലീഗിന്‍റെ എ. കെ. എം അഷ്‌റഫ് ആണ് മഞ്ചേശ്വരത്ത് വിജയിച്ചിട്ടുള്ളത്. ആദ്യമെണ്ണിയ തപാല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ അഷ്‌റഫ് തന്നെയാണ് ലീഡ് ചെയ്തിരുന്നത്.

ഇടക്ക് ലീഡ് കുറഞ്ഞെവെങ്കിലും മണ്ഡലത്തിൽ ഒടുവിൽ വിജയമുറപ്പിക്കുകയായിരുന്നു. തൊട്ടുപിന്നിൽ എൻ.ഡി.എ ടിക്കറ്റിൽ മത്സരിച്ച കെ. സുരേന്ദ്രനാണ്. കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്ക് മഞ്ചേശ്വരത്ത് പരാജയപ്പെട്ട കെ. സുരേന്ദ്രനെ തന്നെയിറക്കി മഞ്ചേശ്വരം പിടിച്ചെടുക്കാമെന്ന് കരുതിയ ബി.ജെ.പിക്ക് ഇത്തവണയും തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ജില്ലയില്‍ കർണാടകത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളടക്കം പ്രചാരണത്തിനായി എത്തിയിരുന്നുവെങ്കിലും ഇതൊന്നും ഗുണം ചെയ്തില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്. അതേ സമയം തന്നെ കെ. സുരേന്ദ്രൻ മത്സരിച്ച റാന്നിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
