ലക്‌ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ കാസർകോട്; ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഏക ദിന ജൈവവൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു

  • Post category:local news
  • Reading time:2 mins read
You are currently viewing ലക്‌ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ കാസർകോട്; ജില്ലാപഞ്ചായത്തിൻ്റെ  നേതൃത്വത്തില്‍ ഏക ദിന ജൈവവൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു

കാസർകോട്: കാര്‍ബണ്‍ ന്യൂട്രല്‍ കാസര്‍കോടെന്ന ലക്ഷ്യവുമായി ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഏകദിന ജൈവ വൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു. ഡി.പി.സി ഹാളില്‍ നടന്ന സെമിനാര്‍ എസ്.ആര്‍.ജി മെമ്പറും ഐ.ആര്‍.ടി.സി ചെയര്‍മാനുമായ പ്രൊഫസര്‍ പി കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മരം നട്ടുപിടിപ്പിച്ച് ആഗോള താപനം തടയാം എന്നത് നടപ്പാകില്ലെന്നും അതിനുമാത്രം മണ്ണ് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ അറിയാതെ പുറം തള്ളുന്ന കാര്‍ബണ്‍ അളവ് കുറച്ച് കൊണ്ടുവരാനാകുമെന്നും പുറം തള്ളുന്ന കാര്‍ബണിൻ്റെ അതേ അളവില്‍ പിടിച്ചുവെക്കാനായാല്‍ സീറോ കാര്‍ബണ്‍ എന്ന ആശയത്തിലേക്കെത്താമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വികസന പ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോള്‍ കാര്‍ബണ്‍ ഓഡിറ്റ് നടത്തിയ ശേഷം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് തുടങ്ങണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

കല്‍ക്കരി ഉപയോഗവും ആവശ്യമില്ലാത്തതും അശാസ്ത്രീയവുമായ നിര്‍മ്മാണ പ്രവൃത്തികളും കാര്‍ബണ്‍ പുറം തള്ളുന്ന അളവ് കൂട്ടുകയാണെന്നും അനാവശ്യമായി വിശാലമായ വീടുകള്‍ നിര്‍മ്മിക്കുന്ന സംസ്‌ക്കാരത്തില്‍ നിന്നും നാം മാറി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്ക് വാഹനങ്ങളിലേക്കും ഇലക്ട്രിക് അടുക്കളകളിലേക്കും നമുക്ക് മാറേണ്ടതുണ്ടെന്നും അതിനായി ഓരോ കുടുംബത്തിനും ആവശ്യമായ വൈദ്യുതി സോളാര്‍ പാനലിലൂടെ സ്വയം ഉത്പാദിപ്പിക്കാന്‍ കഴിയണമെന്നും അനാവശ്യമായ വൈദ്യുതി ഉപഭോഗം ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്ന വിഷയത്തില്‍ പ്രൊഫസര്‍ പി.കെ രവീന്ദ്രന്‍ സംസാരിച്ചു. ജൈവവൈവിധ്യ പരിപാലക സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായിരുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി ബാലകൃഷ്ണന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് എന്‍ സരിത, മെമ്പര്‍മാരായ ജാസ്മിന്‍ കബീര്‍, ജമീല സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് കിനാനൂര്‍ കരിന്തളം, പിലിക്കോട് പഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലക സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള അനുഭവങ്ങള്‍ പഞ്ചായത്തുകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ പങ്കുവെച്ചു. ജന പ്രതിനിധികള്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രൊജക്ട് ഫെസിലിറ്റേറ്റര്‍ എച്ച്. കൃഷ്ണ ആശയങ്ങള്‍ ക്രോഡീകരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസര്‍ ഡോ. കെ.എം ശ്രീകുമാര്‍ മോഡറേറ്ററായി.

ഫോക്ലാന്റ് ചെയര്‍മാനും ഐ.സി.സി.എന്‍ സൗത്ത് ഏഷ്യന്‍ റീജിണല്‍ ഡയറക്ടറുമായ ഡോ. വി. ജയരാജന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം അശോക് കുമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ. പ്രദീപന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ബി.എം.സിയില്‍ നിന്നും മൂന്ന് പേര്‍ വീതവും ജില്ലാ പഞ്ചായത്ത് ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ബി.എം.സി അംഗങ്ങള്‍, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറിൻ്റെ ഭാഗമായി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ സ്വാഗതവും സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ സച്ചിന്‍ മടിക്കൈ നന്ദിയും പറഞ്ഞു.

0Shares