ഇസ്രയേലില്‍ മുങ്ങിയ മലയാളി ബിജു കുര്യനെ കണ്ടെത്തിയത് രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്; പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇസ്രയേലില്‍ മുങ്ങിയ മലയാളി ബിജു കുര്യനെ കണ്ടെത്തിയത് രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്; പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും

കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘത്തിനൊപ്പം ഇസ്രായേലിലേക്ക് പോയി മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇസ്രയേല്‍ ഇന്റര്‍പോളാണ് ഇന്ത്യന്‍ എംബസിയെ ഇക്കാര്യം അറിയിച്ചത്. ബിജുവിനെ തിരിച്ചയച്ചെന്ന് ഇന്ത്യൻ അംബാസഡർ രാജീവ് ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിനെ അറിയിച്ചു.

നയതന്ത്രതലത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ് ഇസ്രയേലില്‍ മുങ്ങിയ ബിജുവിന് നാട്ടിലേക്ക് തിരിക്കേണ്ടി വന്നത്. ബിജുവിന് സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്ന് മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശവും ബിജുവിന് തിരിച്ചടിയായി. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ ബെന്നി കൃഷി മന്ത്രി പി. പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു.

ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിക്കുള്ള വിമാനത്തില്‍ ടെല്‍അവീവില്‍ നിന്ന് തിരിച്ച ബിജു പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ അറിയിച്ചുവെന്ന് കൃഷിമന്ത്രി പി. പ്രസാദ് സ്ഥിരീകരിച്ചു . ബത് ലഹേം കാണാനാണ് സംഘത്തില്‍ നിന്ന് പോയതെന്ന് സഹോരന്‍ ബെന്നിയും പറഞ്ഞു.

ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ് എന്നാണ് കരുതപ്പെടുന്നത് . വീസ കാലാവധിയുള്ളതിനാല്‍ ബിജുവിനെതിരെ ഇസ്രയേലില്‍ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടിയുണ്ടാകരുതെന്ന് സഹോദരന്‍ കൃഷിമന്ത്രിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ എന്ത് കൊണ്ട് അപ്രത്യക്ഷനായെന്ന വിശദീകരണം ബിജു സര്‍ക്കാരിന് നല്‍കേണ്ടി വരും .

0Shares