എസ്.ബി.ഐ ബാങ്ക് അക്കൗണ്ട്; വ്യാജന്മാരുണ്ട് സൂക്ഷിക്കണം, മധ്യവസ്‌കന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

You are currently viewing എസ്.ബി.ഐ ബാങ്ക് അക്കൗണ്ട്; വ്യാജന്മാരുണ്ട് സൂക്ഷിക്കണം, മധ്യവസ്‌കന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

നീലേശ്വരം / കാസർകോട്: എസ്ബിഐ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള എച്ച്ആര്‍എം സൈറ്റിന്റെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ഉപഭോക്താവിൻ്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു. നീലേശ്വരം ചിറപ്പുറം ആലിങ്കീഴില്‍ ജോസഫ് കുന്നപ്പള്ളിയുടെ മകന്‍ കെജെ ജോസഫ് (68)ആണ് തട്ടിപ്പിനിരയായത്. ഇയാളുടെ അക്കൗണ്ടില്‍ നിന്ന് 5,56,000 രൂപയാണ് തട്ടിയെടുത്തത്. നാല് തവണകളായാണ് ജോസഫിൻ്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടത്.

നവംബര്‍ 7ന് അക്കൗണ്ടില്‍ നിന്നും രണ്ട് അക്കൗണ്ടുകളിലേക്കായി 1,13000 രൂപയും 118000 രൂപയും പിന്‍വലിച്ചു. പിന്നീട് ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് രണ്ട് തവണയായി 300000 രൂപയും 25000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ജോസഫ് പിന്നീട് ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിഞ്ഞത്.

സംഭവത്തില്‍ ജോസഫ് നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഇടപാടുകാരൻ്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ബാങ്കിന് യാതൊരു ബന്ധവുമില്ലെന്ന് ശാഖാ മാനേജര്‍ അറിയിച്ചു. അജ്ഞാതന്റെ ഇടപെടല്‍ വഴി ജോസഫ് തട്ടിപ്പിന് ഇരയാവുകയായിരുന്നു.

അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതായി അറിയിച്ച് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങള്‍ അജ്ഞാതന് നല്‍കിയതാണ് തട്ടിപ്പിനിരയായത്.

ഒരുകാരണവശാലും ബാങ്കുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കൈമാറരുതെന്ന് ഇടപാടുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും മാനേജര്‍ പറഞ്ഞു. ഇനിയും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇടപാടുകാര്‍ ഇരയാവരുതെന്ന് അദ്ദേഹം അറിയിച്ചു.

0Shares