
മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ജനജീവിതത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2018-19 ൽ പ്രളയത്തിൽ തകർന്ന, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന, റീ ബിൽഡ് കേരളയിൽ ഉൾപ്പെടാത്ത റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ (സി.എംഎൽ.ആർ.ആർ.പി) ഉൾപ്പെടുത്തി നിർമ്മിച്ച റോഡുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2018-19 വർഷത്തെ പ്രളയത്തിൽ തകർന്ന തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾ റീബിൽഡ് കേരളയുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കുന്നുവെന്നും ഇതിനകം 2493 പ്രവൃത്തികൾ പൂർത്തിയായി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 1000 റോഡുകളുടെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ നടന്നിരുന്നു.

നിർമ്മാണം പൂർത്തിയായ റോഡുകൾ ചില സ്ഥലങ്ങളിലെങ്കിലും പൊട്ടിപ്പൊളിഞ്ഞത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കും. ടൂറിസം വികസനത്തിന് പ്രാദേശിക റോഡുകളുടെ വികസനം നാടിന്‍റെ ആവശ്യമാണ്. റോഡുകളുടെ ശോച്യാവസ്ഥയും അത് ഉണ്ടാക്കുന്ന അപകടങ്ങളും പരിഗണിച്ച് വീതി കൂട്ടി ടാറിട്ട് റോഡുകളുടെ നിലവാരം ഉയർത്താൻ നടപടിയുണ്ടാകും. റോഡു പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.
പദ്ധതിയിൽ ഉൾപ്പെടുത്തിയ മുഴുവൻ റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാവണമെന്നും റോഡുകളുടെ ഗുണമേന്മ പരിശോധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിൽ എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത പരിപാടികൾ നടന്നു.
