
കാസർകോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിൻ്റെ പോസ്റ്റര്‍ കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് നായ്ക് പ്രകാശനം ചെയ്തു. പെരിയ ഗോകുലം ഗോശാലയില്‍ നടന്ന ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, ബി.ആര്‍.ഡി.സി എം.ഡി. ഷിജിന്‍, അഡ്വ:കെ.ശ്രീകാന്ത്, പ്രമോദ് പെരിയ, വിഷ്ണു ഹെബ്ബാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, കുടുംബശ്രീ, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയാണ് ബീച്ച് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. മേളയ്ക്ക് വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും. പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിനോട് അനുബന്ധിച്ച് ബീച്ച് കാര്‍ണിവല്‍, വിവിധപ്രദര്‍ശന സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും.

കാസര്‍കോടിൻ്റെ സംസ്‌കാരം, ചരിത്രം, രുചികള്‍ എന്നിവ സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഇതുവഴി അവിടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ശ്രമം. ഇത്തരത്തില്‍ ടൂറിസം വികസനത്തിനൊപ്പം ആ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യം വച്ചാണ് ബീച്ച് ഫെസ്റ്റിവല്‍ നടത്തുന്നത്.
