
ബേഡകം/ കാസര്‍കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ ലോക് ഡൗൺ ഉത്തരവും കാസര്‍കോട് ജില്ലാ കലക്ടറുടെ നിരോധനാഞ്ജയും ലംഘിച്ച് കൊണ്ട്, പകർച്ചവ്യാധിയുടെ വ്യാപനത്തിന് കാരണമാവുന്ന തരത്തിലും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ സാമൂഹ്യ അകലം പാലിക്കാതെയും കൂട്ടം ചേർന്നിരുന്നതായി കാണപ്പെട്ട അഞ്ച് യുവാക്കളെ ബേഡകം പോലീസ് പിടികൂടി കേസെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബേഡകം പെരിയത്ത് വെച്ച് നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയിരുന്ന
നിഖിൽ രാജ്, 24, അമ്മങ്കോട്, ശ്രീജിൻ കുമാർ 18, മലങ്കാട്, വിഷ്ണു, 22, പെരിയത്ത്, മണികണ്ഠൻ, 22, മരുതടുക്കം, അജീഷ്, 22, ബേഡകം എന്നിവരെയാണ് ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്‍റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ ജില്ലയിൽ സ്വീകരിച്ചു വരികയാണ്. പുതിയ കേരള പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം ഉത്തരവ് ലംഘിക്കുന്ന പ്രതികൾക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതികൾ ഒത്തുചേരൽ സ്ഥലത്തേക്ക് എത്തി ചേരാനുപയോഗിച്ച മോട്ടോർ ബൈക്കുകളും പിന്നീട് പോലീസ് പിടികൂടി.
പ്രതികൾക്കെതിരെ കേരള സർക്കാറിന്‍റെ പുതിയ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും
കേരള പോലീസ് നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി ബേഡകം പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസ് അറിയിച്ചു.
