കോവിഡ് കാലത്ത് സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബേഡഡുക്ക പഞ്ചായത്ത്; പ്രതിരോധം ഉത്സവമാക്കി ബേഡകോത്സവം

  • Post category:local news
  • Reading time:2 mins read
You are currently viewing കോവിഡ് കാലത്ത് സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബേഡഡുക്ക പഞ്ചായത്ത്; പ്രതിരോധം  ഉത്സവമാക്കി ബേഡകോത്സവം

കാസർകോട്: കോവിഡ് മഹാമാരിയാല്‍ ഒത്തു കൂടല്‍ വിലക്കിന്‍റെ സമാനതകളില്ലാത്ത ദുരിത കാലത്തിലൂടെ കടന്നുപോകുമ്പോഴും സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രതിരോധത്തിന്‍റെ പുതു വഴി തീര്‍ക്കാനിറങ്ങിയിരിക്കുകയാണ് ബേഡഡുക്ക പഞ്ചായത്ത്. കുട്ടികള്‍ സ്‌കൂളില്‍ പോകാതെ വീടുകളില്‍ സമ്മര്‍ദ്ദങ്ങളെ നേരിടുമ്പോള്‍, കൂട്ടുകാരെ നേരില്‍ കാണാത്തതിന്‍റെയും ഒന്നിച്ച് കൂടി കളിക്കാന്‍ പറ്റാത്തതിന്‍റെയും സങ്കോചങ്ങള്‍ കൊണ്ടുള്ള സങ്കീര്‍ണതകളെ അഭിമുഖീകരിക്കുമ്പോള്‍, യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം പ്രായഭേദമന്യേ ഒത്തു കൂടാന്‍ സൈബര്‍ വേദി ഒരുക്കാനുള്ള തയായറെടുപ്പിലാണ് പഞ്ചായത്ത്.

കോവിഡ് തീര്‍ത്ത അകലങ്ങളില്‍ ഇരുന്നുകൊണ്ട് ബേഡകോത്സവത്തിലൂടെ നാടിനെ ഉണര്‍ത്താന്‍ പഞ്ചായത്ത് അധികൃതരും ഊര്‍ജ്ജസ്വലരായ നാട്ടുകാരും അണിയറ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിലും മത്സരങ്ങള്‍, വിജയികളെ നിശ്ചയിക്കാന്‍ പ്രതിഭകളുടെ സാന്നിധ്യം,വിജയികള്‍ക്ക് സമ്മാനങ്ങള്‍. ഇങ്ങനെയാണ് ഒരു ജനത പ്രതിരോധത്തിന്‍റെയും അതിജീവനത്തിന്‍റെയും ഉത്സവം തീര്‍ക്കുന്നത്.

ഓഗസ്റ്റ് 7, 8, 9, 10 തിയ്യതികളിലായി സംഘടിപ്പിക്കപ്പെടുന്ന ഈ ഓണ്‍ലൈന്‍ സര്‍ഗോത്സവം ഒരു വേറിട്ടതും നൂതനവുമായ പരീക്ഷണമാണ്. പ്രതിസന്ധികളില്‍ തളര്‍ന്നു പോയവരല്ല നമ്മളെന്ന് കാലം അടയാളപ്പെടുത്താന്‍ സര്‍ഗാത്മകമായ സാധ്യതകളെ അവസരങ്ങളാക്കി മാറ്റുന്ന, പഞ്ചായത്തിലെ പ്രതിഭകള്‍ക്ക് പ്രായഭേദമന്യേ പങ്കാളികളാകാവുന്ന ഈ സര്‍ഗോത്സവം മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണ്.

നിബന്ധനകളും നിര്‍ദ്ദേശങ്ങളും പഞ്ചായത്തിനകത്തെ യൂത്ത് കോഓഡിനഷന്‍ കമ്മറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകള്‍ക്കും വായനശാലകള്‍ക്കും നല്‍കി കഴിഞ്ഞു്. മത്സര അവതരണങ്ങള്‍ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അതുവഴി ലഭ്യമാകും. ഗ്രാമപഞ്ചായത്തിന്‍റെ എഫ്.ബി പേജ് വഴി 8, 9, 10 തിയതികളില്‍ ലൈവായി ടെലികാസ്റ്റ് ചെയ്യും. രാത്രി 7 മുതല്‍ 10 വരെ ആര്‍ക്കും ലൈവായി ആസ്വദിക്കാനാവും വിധത്തില്‍ നടക്കുന്ന ഈ പ്രത്യേക കലോല്‍സവത്തില്‍ നാടിന്‍റെ പ്രതിഭകള്‍ മാറ്റുരക്കും.

നാട്ടു കലാകാരന്‍മാരുടെ കഴിവുകള്‍ നാടാകെ കണ്ടറിയും. പത്താം തിയതി സമാപന ദിവസം ജൂറി മാര്‍ ലൈവിലെത്തി വിധി പ്രഖ്യാപിക്കും.7 ന് രാത്രി ഉദ്ഘാടനം നടക്കും. വിവിധ ദിവസങ്ങളിലായി കലാ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ബേഡകക്കാരുടെ ആഘോഷത്തില്‍ പങ്കാളികളാകും. മത്സര വിജയികള്‍ക്കെല്ലാം സമ്മാനങ്ങളും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.

മത്സരയിനങ്ങള്‍:

പ്രീപ്രൈമറി (6 വയസ്സിന് താഴെ ) ആംഗ്യപാട്ട്, കഥപറച്ചില്‍. 6 വയസ്സ് മുതല്‍ 10 വരെ ഫോല്‍ക്ക് ഡാന്‍സ്, കവിതാലാപനം. 11 വയസ്സ് മുതല്‍ 17 വയസ്സ് വരെ ഫോല്‍ക്ക് ഡാന്‍സ്, സിനിമാഗാനാലാപനം. 18 40 വയസ്സ് വരെ മാപ്പിളപ്പാട്ട്, സിനിമാഗാനാലാപനം, നാടന്‍പാട്ട്, ഫോല്‍ക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്( സെമിക്ലാസിക്കല്‍), ഏകപാത്ര നാടകം, മിമിക്രി. 40 വയസ്സിന് മുകളില്‍ നാടന്‍പാട്ട്, സിനിമാഗാനാലാപനം,ഏക പാത്ര നാടകം.

ഓഫ് സ്റ്റേജ് ഐറ്റംസ് (11 വയസ്സ് മുതല്‍ 17 വയസ്സ് വരെ ) പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, ട്രോള്‍ നിര്‍മ്മാണം, പ്രസംഗം( മലയാളം, ഇംഗ്ലീഷ്),കഥാരചന, കവിത രചന. ഓഫ് സ്റ്റേജ് ഐറ്റംസ് (18 വയസ്സിന് മുകളിലുള്ളവര്‍) പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, ട്രോള്‍ നിര്‍മ്മാണം, പ്രസംഗം( മലയാളം, ഇംഗ്ലീഷ്), കഥാരചന,കവിത രചന. ക്വിസ്സ് (പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം).

0Shares