മൂന്ന് മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷയായി; ബവീഷിനെ ജീവൻ രക്ഷാ പതക് അവാർഡിനായി പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും

  • Post category:local news
  • Reading time:1 min read
You are currently viewing മൂന്ന് മത്സ്യത്തൊഴിലാളികളുടെ ജീവന് രക്ഷയായി; ബവീഷിനെ ജീവൻ രക്ഷാ പതക് അവാർഡിനായി പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും

കാസർകോട്: മത്സ്യബന്ധനത്തിനു പോയി തിരിച്ചു വരുന്നതിനിടെ ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട് തോണിമറിഞ്ഞതിനെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബേക്കലിലെ എ.ബവീഷിനെ ജീവൻ രക്ഷാ പതക് അവാർഡിനു പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ യെ അറിയിച്ചു.

2021 സെപ്റ്റംബർ 12 ന് രാവിലെയാണ് കിഴൂർ കടപ്പുറത്ത് തോണിമറിഞ്ഞു മൽസ്യത്തൊഴിലാളികളായ അജ്മൽ, മുനവ്വർ,അഷ്‌റഫ് എന്നിവർക്ക് പരിക്കേറ്റത്. തീരദേശ പോലീസും അഗ്നിരക്ഷാസേനയും മറ്റു വള്ളങ്ങളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കാറ്റും തിരയും കാരണം അപകടത്തിൽപ്പെട്ടവരുടെ അടുത്തെത്താൻ കഴിഞ്ഞില്ല.

മരണത്തിൻ്റെ വക്ത്രത്തിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്താൻ മുന്നിൽ നിന്നത് ബവീഷായിരുന്നു. ധീരതയ്ക്കുള്ള അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരം രക്ഷാ പ്രവർത്തനം നടത്തുന്നവരെ സംസ്ഥാന സർക്കാരിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ജീവൻ രക്ഷാ പതക് അവാർഡിനു പരിഗണിക്കാറുണ്ടെന്നും ബവിഷിനെ ഈ അവാർഡിനു പരിഗണിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ സെക്രട്ടറി എൻ.എ.നെല്ലിക്കുന്നിനെ അറിയിച്ചു.

0Shares