മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവർക്ക് ക്യാബുകള്‍ നല്‍കി ബാറുടമകൾ വീട്ടിലെത്തിക്കണം; വ്യത്യസ്ഥ നിർദ്ദേശവുമായി ഗോവന്‍ സര്‍ക്കാർ

  • Post category:national / news
  • Reading time:1 min read
You are currently viewing മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവർക്ക് ക്യാബുകള്‍ നല്‍കി ബാറുടമകൾ വീട്ടിലെത്തിക്കണം; വ്യത്യസ്ഥ നിർദ്ദേശവുമായി ഗോവന്‍ സര്‍ക്കാർ

മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ വീട്ടിലെത്തിക്കാന്‍ മാതൃകാ നിര്‍ദേശവുമായി ഗോവന്‍ സര്‍ക്കാരിൻ്റെ വേറിട്ട നിയമം. ബാറിലെത്തി മദ്യപിക്കുന്നവര്‍ സ്വയം വാഹനമോടിച്ചാണ് പോകുന്നതെങ്കില്‍ അവരെ തടയാനും ഉപഭോക്താവിന് ക്യാബുകള്‍ നല്‍കി വീട്ടിലെത്തിക്കാനുമാണ് ബാറുടമകള്‍ക്ക് ഗതാഗതമന്ത്രി മൗവിന്‍ ഗോഡീഞ്ഞോയുടെ നിര്‍ദ്ദേശം.

പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പായും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. റോഡ് സുരക്ഷാ വാരാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിൻ്റെ ഈ നിര്‍ദേശം. ബാറിലെത്തി മദ്യപിക്കുന്ന ഉപഭോക്താവ് സ്വയം വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തമാണ്.

ക്യാബുകളില്‍ മടങ്ങുന്നവരുടെ വാഹനങ്ങള്‍ അടുത്ത ദിവസം വന്ന് കൊണ്ടുപോയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കുന്നു. ഗോവ മെഡിക്കല്‍ കോളജില്‍ വരുന്ന കേസുകളില്‍ 20 ശതമാനവും മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളാണ്. വളരെ പതുക്കെ വാഹനമോടിച്ച ഒരാള്‍ കേസില്‍ നിരപരാധിയായിരിക്കാം, എന്നാല്‍ മദ്യപിച്ച ഒരാള്‍ വന്ന് നിങ്ങളെ തല്ലാം, വാഹനങ്ങള്‍ അപകടത്തില്‍ പെടാം.

ഇത് സംഭവിക്കാന്‍ പാടില്ല. അതിനാല്‍, ഡ്രിങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളുടെ കാര്യത്തില്‍ നിഷ്പക്ഷരും ജാഗരൂകരും ആയിരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരോട് പറയുകയാണെന്നും മൗവിന്‍ ഗോഡീഞ്ഞോ വ്യക്തമാക്കി.

0Shares