
കൊച്ചി: വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ വായ്‌പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ വീണ്ടും ഉയര്‍ത്താൻ തുടങ്ങി. പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ.സി. ഐ. സി. ഐ, എച്ച്. ഡി. എഫ്. സിയും. പൊതുമേഖലയിലെ ബാങ്ക് ഒഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്‌പാ നിരക്ക് (എം.സി.എല്‍.ആര്‍) വര്‍ദ്ധിപ്പിച്ചിരുന്നു.
രാജ്യത്തെ മറ്റു ബാങ്കുകളും വരും ദിവസങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ എം.സി.എല്‍.ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്‌പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുക (ഇ.എം.ഐ) കൂടാനിടയുണ്ട്.
വാഹന, വ്യക്തിഗത, ഭവന വായ്‌പകള്‍ എം.സി.എല്‍.ആറുമായി ബന്ധിപ്പിച്ചാണ് ബാങ്കുകള്‍ പലിശ നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകളനുസരിച്ച് ഐ.സി. ഐ.സി.ഐ ബാങ്കിൻ്റെ എം.സി.എല്‍. ആര്‍ 8.5 ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെയാണ്. ബാങ്ക് ഒഫ് ഇന്ത്യയുടെ നിരക്ക് 7.95 മുതല്‍ 8.95 വരെയായാണ് പുതുക്കിയത്.
നാണയപ്പെരുപ്പം ഗണ്യമായി ഉയര്‍ന്നതോടെ മുഖ്യ നിരക്കായ റിപ്പോ കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനുശേഷം ആറുതവണയായി റിസര്‍വ് ബാങ്ക് 2.5 ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം വിവിധ വായ്‌പകളുടെ പലിശ നിരക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വര്‍ദ്ധിച്ചു.

എന്നാല്‍ ഇത്രയേറെ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിലേക്ക് താഴാത്തതിനാലാണ് വീണ്ടും പലിശ വര്‍ദ്ധന ഭീഷണി സജീവമാകുന്നത്.
എം.സി.എല്‍.ആര്‍
വായ്‌പകള്‍ നല്‍കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാര്‍ജിനല്‍ കോസ്റ്റ് വായ്‌പാ നിരക്ക് അഥവാ എം.സി.എല്‍. ആര്‍.അതാത് ബാങ്കുകള്‍ സ്വയം നിശ്ചയിക്കുന്ന എം.സി.എല്‍.ആറിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പകള്‍ നല്‍കരുതെന്നാണ് റിസര്‍വ് ബാങ്ക് ചട്ടം.
