
കാസർകോട്: ബദിയടുക്ക വികസന ആക്ഷൻ കമ്മിറ്റി കൺവീനറായിരുന്ന ബാറഡുക്ക സ്വദേശി ബി. എം ഹനീഫ് നിര്യാതനായി. ഇന്ന് വൈകുന്നേരം ബദിയടുക്ക ടൗണിൽ പതിവ് പോലെ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുനിൽക്കവേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കൂടെ ഉണ്ടായിരുന്നവർ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും സുപരിചിതനായിരുന്നു ഇദ്ദേഹം. ഹനീഫിന്‍റെ പെട്ടെന്നുള്ള മരണം നാട്ടുകാര്‍ക്ക് തീരാ വേദനയായി. നാടിന്‍റെ വികസന കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രതികരിക്കുകയും, നാടിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്ന ബി. എം ഹനീഫ് പരേതനായ കുഞ്ഞഹമ്മദ് ബീജന്തടുക്ക-ആമിന ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. മക്കൾ: തൗഫീഖ്, തൻഷീഫ്, സഫ, ജഹാൻ, മഹ്‌റൂഫ്. സഹോദരങ്ങൾ മുത്വലിബ്, അബ്ദുൽ കരീം, ഹാരിസ്, അബ്ദുസ്സലാം. ഖബറടക്കം പള്ളത്തടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
