
എറണാകുളം / കാസര്‍കോട്: ബാഡ്‌ജ് ഓഫ് ഓണർ കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും സ്വീകരിച്ചു. ശനിയാഴ്‌ച എറണാകുളം ഐ.എം.എ ഹാളിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ കേരള ഹൈക്കോടതി ജസ്റ്റിസ് സി.എസ് ഡയസിൽ നിന്നുമാണ് ബാഡ്‌ജ് ഓഫ് ഓണർ ഏറ്റുവാങ്ങിയത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്, ഐ.ജി.പി എച്ച്. വെങ്കിടേഷ് ഐ.പി.എസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


അടുത്തിടെയായി കൈക്കൂലിക്കാരായ സർക്കാർ ഉദ്യഗസ്ഥരെ കുടുക്കാൻ വിജിലൻസ് നടപടികൾ കടുപ്പിച്ചിരുന്നു. വിവിധ വകുപ്പുകളില്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥർ താൽക്കാലിക ജീവനക്കാരെയും ബന്ധുക്കളെയും ബിനാമിയായി ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നിരീക്ഷണം ഊർജിതമാക്കി വരികയാണ്.
കാസർകോട് വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യുറോയിലെ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സംഘം അഴിമതിക്കെതിരെ കർശന നിലപാടാണ് എടുക്കുന്നത്. പ്രവര്‍ത്തന മികവിന് സംസ്ഥാന വിജിലന്‍സ് വകുപ്പിൻ്റെ ബാഡ്‌ജ് ഓഫ് ഓണര്‍ ഇപ്രാവശ്യം കാസര്‍കോട് വിജിലന്‍സ് ബ്യുറോയ്ക്ക് ലഭിച്ചിരുന്നു. ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, സി.ഐ സിബി തോമസ്, എ.എസ്.ഐ സുഭാഷ് ചന്ദ്രന്‍, എസ്.പി.ഒ എന്‍ മനോജ് എന്നിവര്‍ക്കാണ് അംഗീകാരം.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥ അഴിമതി കുറയ്ക്കാൻ നടത്തിയ നടപടികളാണ് കാസര്‍കോട് വിജിലന്‍സിനെ ബഹുമതിക്ക് അര്‍ഹമാക്കിയത്. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ഗുരുവനം ഡ്രൈവിംഗ് ടെസ്റ്റ് മൈതാനം, കാസര്‍കോട്, മഞ്ചേശ്വരം, പെര്‍ള, ചെറുവത്തൂര്‍ ചെക് പോസ്റ്റുകള്‍, വിവിധ പഞ്ചായത്തുകള്‍, കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍, അനധികൃത ക്വാറികള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
കോഴിക്കോട് വിജിലന്‍സ് ഡയറക്ടര്‍ മുമ്പാകെ വിവിധ ഓഫീസുകളിലും മറ്റും നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ അന്വേഷണ അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടക്കുകയും ഓഫീസുകളിൽ നിന്നും കൃത്രിമം നടത്തിയ ഫയലുകൾ പിടിച്ചെടുക്കുകയും ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നടപടി റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കൈമാറി വരികയാണ്.
