അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു; നിർമ്മിച്ചത് മൈസൂരിലെ ശിൽപകലാ കുടുംബത്തിലെ അംഗം

You are currently viewing അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു; നിർമ്മിച്ചത് മൈസൂരിലെ ശിൽപകലാ കുടുംബത്തിലെ അംഗം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠക്കായുള്ള ശ്രീരാമവി​ഗ്രഹം (Ram Lalla) തിരഞ്ഞെടുത്തു. പ്രശസ്‌ത ശില്‍പിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജ് തയ്യാറാക്കിയ ശിൽപമാണ് ഇതിനായി തിരഞ്ഞെടുത്തത്. ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

യോഗിരാജ് നിർമിച്ച വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ സുരേഷ് കുമാറും സ്ഥിരീകരിച്ചു. ജനുവരി 22ന് ഈ ശ്രീരാമ വി​ഗ്രഹം അയോധ്യയിൽ പ്രതിഷ്‌ഠിക്കും.

‘‘മൈസൂരിലെ ശിൽപി അരുൺ യോഗിരാജ് നിർമിച്ച ശിൽപം രാമവിഗ്രഹം അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു. ഇത് സംസ്ഥാനത്തെ മുഴുവൻ രാമഭക്തർക്കും അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. അരുൺ യോഗിരാജിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’’, യെദ്യൂരപ്പ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

ബെംഗളൂരു സ്വദേശി ഗണേഷ് ഭട്ട്, രാജസ്ഥാൻ സ്വദേശി സത്യ നാരായൺ പാണ്ഡെ എന്നിവരുമായി സഹകരിച്ചാണ് അരുൺ യോ​ഗിരാജ് ഈ ശിൽപം നിർമിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് യോഗിരാജിൻ്റെ ശിൽപം തിരഞ്ഞെടുത്തത്.

ഇത് സംസ്ഥാനത്തിനും കർണാടകയുടെ സാംസ്‌കാരിക തലസ്ഥാനമായ മൈസൂരിനും അഭിമാനകരമായ നേട്ടമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു.

കർണാടകയിലെ ചിക്കമംഗളൂരുവിന് അടുത്താണ് രാമഭക്തനായ ഹനുമാൻ്റെ ജന്മസ്ഥലമായ കിഷ്‌കിന്ധ സ്ഥിതി ചെയ്യുന്നതെന്ന് വിശ്വസിക്കപ്പെടുതെന്നും അതിനാൽ കർണാടകയ്ക്ക് ശ്രീരാമനുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും അരുൺ യോഗിരാജിനെ അഭിനന്ദിച്ച് രം​ഗത്തെത്തി.

0Shares