
കാസർകോട്: കാസർകോട് നഗരസഭ റവന്യൂ വകുപ്പിൽ നിന്നും പാട്ടത്തിന് എടുത്ത താളിപ്പടപ്പ് മൈതാനത്തിൽ സ്‌പോർട്‌സ് കോംപ്ലക്‌സ് (പിങ്ക് സ്റ്റേഡിയം) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ്റെ ശ്രദ്ധ ക്ഷണിച്ച് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ.
നഗരസഭ ചെയർമാൻ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ 2021 ഒക്ടോബർ 30ന് കാസർകോട് ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വെച്ചാണ് കേരള കായിക വകുപ്പ് മന്ത്രി സ്പോർട്സ് കോംപ്ലക്‌സ് (പിങ്ക് സ്റ്റേഡിയം) സ്ഥാപിക്കുന്നതിന് സർക്കാരിൻ്റെ തീരുമാനം അറിയിച്ചത്. തുടർന്ന് മന്ത്രി സ്ഥലം സന്ദർശിക്കുകയും ചെയ്‌തിരുന്നു. 2021 നവംബർ 8ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗം പിങ്ക് സ്റ്റേഡിയം സ്ഥാപിക്കുന്നതിന് സമ്മതം നൽകുകയും ചെയ്‌തു.

കേരള സ്‌പോർട്‌സ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ താളിപ്പടപ്പ് മൈതാനം സന്ദർശിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇണ്ടോർ സ്റ്റേഡിയം, ചേഞ്ച് റൂം, ടോയ്‌ലറ്റ്, കടമുറികൾ തുടങ്ങിയവയാണ് പിങ്ക് സ്റ്റേഡിയത്തിൽ ഒരുക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ പിങ്ക് സ്റ്റേഡിയം വിഷയത്തിൽ കായിക മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കത്തയച്ചത്.
