
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണ ജോർജിനെ മുഖ്യ മന്ത്രി സന്ദർശിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രിയെ. കഴുത്തിന് ഗുരുതര പരിക്കുള്ളതായാണ് അവകാശപെടുന്നത്. സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ കടുത്ത വേദന അനുഭവപ്പെടുന്നതായി സിപിഎം നേതാക്കൾ പറയുന്നു. മുഖ്യമന്ത്രി എത്തിയിട്ട് പോലും തല ഉയര്‍ത്തി നോക്കാൻ പറ്റാത്ത അവസ്ഥയിലാണ് മന്ത്രിയുടെ ആരോഗ്യ സ്ഥിതിയെന്നും നേതാക്കൾ അറിയിക്കുന്നു. അതിനിടെ ഇടത് പ്രവർത്തകർ കണ്ണൂരിൽ പ്രതിഷേധം കടുപ്പിക്കുകയാണ്. എസ് എഫ് ഐ പ്രവർത്തകർ വ്യാപകമായി കെ എസ് യു കൊടിമരം, ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിക്കുന്നുണ്ട്. കൂടാതെ കണ്ണൂർ ഡി സി സി ഓഫീസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഡി സി സി ഓഫീസിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ വെല്ലുവിളിയുമായി എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ നീങ്ങിയത് നേരിയ സംഘർഷത്തിന് കാരണമായി. ഇരു സംഘങ്ങളെയും പോലീസ് ഏറെ പണിപ്പെട്ട് പിടിച്ചുമാറ്റിയത്.
