അജിത്ത് നായകനായ തുനിവിലെ രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing അജിത്ത് നായകനായ തുനിവിലെ രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അടുത്തിടെ തിയേറ്ററുകളിലെത്തിയ അജിത്ത് ചിത്രം തുനിവിലെ രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. തമിഴ്‌നാട് ഡിണ്ടിഗലിലാണ് സംഭവം ഉണ്ടായത്. ഡിണ്ടിഗൽ ബീഗംപുരിനടുത്ത് നായ്‌ക്കൻപട്ടി സ്വദേശി ഖലീൽ റഹ്മാനാണ് (25) പിടിയിലായത്.

ദാഡിക്കൊമ്പ് റോഡിലെ ഇന്ത്യൻ ഓവർസീസ് ബാങ്കാണ് ഇയാൾ കൊള്ളയടിക്കാൻ ശ്രമിച്ചത്. ജീവനക്കാരെ കെട്ടിയിട്ടതിനുശേഷം കവർച്ച നടത്താനായിരുന്നു പദ്ധതി. ഇതിനായി കത്തി, കട്ടിംഗ് ബ്ളൈഡ്, കുരുമുളക് സ്‌പ്രേ, പ്ളാസ്റ്റിക് കയറുകൾ എന്നിവയുമായാണ് ഇയാൾ ബാങ്കിലെത്തിയത്. ഇയാൾ ബാങ്കിലെ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു. ഇതിനിടെ കുതറി പുറത്തിറങ്ങിയ ഒരു ജീവനക്കാരൻ നാട്ടുകാരെ വിവരമറിയിച്ചു.

ഇതിന് പിന്നാലെ നാട്ടുകാരും സുരക്ഷാജീവനക്കാരും ചേർന്ന് ഖലീലിനെ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്ന രംഗങ്ങളുള്ള സിനിമകളും സീരിസുകളും പതിവായി കാണാറുണ്ടെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഇങ്ങനെയാണ് ബാങ്ക് കൊള്ളയടിക്കാനായി പദ്ധതി തയ്യാറാക്കിയത്. തുനിവ് കണ്ടതോടെ ആത്മവിശ്വാസം വർദ്ധിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

0Shares