സരിതയുടെ ശരീരത്തില്‍ അമിത അളവില്‍ ആഴ്‌സനികും മെര്‍ക്കുറിയും ലെഡും; സോളാര്‍ കേസ് പ്രതിയെ കൊല്ലാന്‍ ശ്രമമെന്ന് പരാതി, അന്വേഷണം ആരംഭിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സരിതയുടെ ശരീരത്തില്‍ അമിത അളവില്‍ ആഴ്‌സനികും മെര്‍ക്കുറിയും ലെഡും; സോളാര്‍ കേസ് പ്രതിയെ കൊല്ലാന്‍ ശ്രമമെന്ന് പരാതി, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരെ രാസവസ്തു കലര്‍ത്തി കൊല്ലാന്‍ ശ്രമം. സ്ലോ പോയിസനിങ്ങിലൂടെ കൊല്ലാന്‍ ശ്രമമെന്നാണ് പരാതി. സരിത ഗുരുതര രോഗബാധിതയായി ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ചെറിയ അളവില്‍ വിഷം കലര്‍ത്തി പതിയെ മരണത്തിലേക്ക് എത്തിക്കാനായിരുന്നു നീക്കം. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. മറ്റാരുടെയോ നിര്‍ദേശപ്രകാരം മുന്‍ ഡ്രൈവര്‍ വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തിരിച്ചറിയാത്ത ഒരാളെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

മരണംവരെ സംഭവിക്കാവുന്ന അവസ്ഥയിലാണ് സരിതയുള്ളതെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു. 2018 മുതലാണ് കൊലപാതകശ്രമം ആരംഭിച്ചത്.

രോഗം ഗുരുതരമായതോടെ പലവട്ടം കീമോ തെറാപ്പിയടക്കം നടത്തി. സി.ബി.ഐക്ക് മൊഴി നല്‍കി മടങ്ങുമ്പോള്‍ കരമനയിലെ ഒരു കൂള്‍ബാറില്‍ വച്ച്‌ വിനുകുമാര്‍ ജ്യൂസില്‍ എന്തോ പൊടി കലര്‍ത്തി. അന്നത് കുടിച്ചില്ല. പീഡനക്കേസില്‍ പ്രതിയായ ചിലരുമായി വിനുകുമാര്‍ ഫോണിലൂടെയും നേരിട്ടും ഗൂഢാലോചന നടത്തിയിരുന്നതായും സരിതയുടെ മൊഴിയിലുണ്ട്.

അന്വേഷണത്തിൻ്റെ ഭാഗമായി വിനു കുമാറിൻ്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മൊഴി പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കൂ എന്നതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം. വിനുകുമാറിൻ്റെ ഫോണ്‍ രേഖകളും ക്രൈംബ്രാഞ്ച് എസ്.പി സുനിലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പരിശോധിക്കാൻ തുടങ്ങി.

0Shares