
ഔദ്യോഗിക കാറിൽ വച്ച് വനിതാ ഐ.പി.എസ് ഓഫിസറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്നാട്ടിൽ മുൻ സ്പെഷൽ ഡി.ജി.പി രാജേഷ് ദാസിനെതിരെ സി.ബി.സി.ഐ.ഡി കേസെടുത്തു. എസ്പി ഡി. കണ്ണനെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്യും. ആരോപണത്തെ തുടർന്ന് ഡി.ജി.പിയെ തൽസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

ഫെബ്രുവരി 21ന് കാറിനുള്ളിൽ വച്ച് മുതിർന്ന ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റം ഉണ്ടായതോടെ വനിതാ ഐ.പി.എസ് ഓഫിസർ പെട്ടെന്നു തന്നെ കാർ വിട്ടു പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ നാടകീയമായ പല സംഭവങ്ങളും അരങ്ങേറി. ഡി.ജി.പിക്കെതിരെ പരാതി നൽകാൻ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തിൽ 150ഓളം പോലീസുകാരെത്തി വഴി തടയാൻ ശ്രമം നടത്തിയതായും ആരോപണമുണ്ട്.
ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടുപിറ്റേന്നാണ് വനിതാ ഓഫിസർ ചെന്നൈയിലെത്തി ഡി.ജി.പി ജെ.കെ. ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയത്. രണ്ടു ദിവസത്തിനുശേഷം സ്പെഷൽ ഡി.ജി.പി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി. അന്വേഷണത്തിനായി ആഭ്യന്തരമന്ത്രാലയം ആറംഗ സമിതിയെ നിയോഗിച്ചു. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്. രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്ന് രജേഷ് ദാസ് പറഞ്ഞു.
