അറസ്റ്റ് ചെയ്ത ശേഷവും പി.സി ജോര്‍ജിൻ്റെ അപമാനശ്രമം; അപമര്യാദയോടെ പെരുമാറിയത് മാധ്യമ പ്രവര്‍ത്തകയോട്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അറസ്റ്റ് ചെയ്ത ശേഷവും പി.സി ജോര്‍ജിൻ്റെ അപമാനശ്രമം; അപമര്യാദയോടെ പെരുമാറിയത് മാധ്യമ പ്രവര്‍ത്തകയോട്

പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ പി.സി ജോര്‍ജിൻ്റെ ശ്രമം. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു പി.സി ജോര്‍ജിന്റെ അപമര്യാദയോടെയുള്ള പെരുമാറ്റമുണ്ടായത്.

കൈരളി ടി.വി റിപ്പോര്‍ട്ടര്‍ ഷീജക്ക് നേരെയാണ് പി.സി ജോര്‍ജിൻ്റെയും കൂടെയുള്ളവരുടെയും അതിക്രമം. “പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ” എന്ന ഷീജയുടെ ചോദ്യത്തിന് :തൻ്റെ പേര് പറയട്ടെ” എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു ജോര്‍ജ്. ഷീജയെ അപമാനിച്ച ജോര്‍ജിൻ്റെ നടപടിയെ അപ്പോള്‍ തന്നെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോര്‍ജിൻ്റെ പ്രതികരണങ്ങള്‍. ഇതിനിടെ ജോര്‍ജിനൊപ്പം ഉണ്ടായിരുന്നവര്‍ ഷീജക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നു. പി.സി ജോര്‍ജ്‌ പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട്‌ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയായിരുന്നു സംഭവം.

അറസ്റ്റിന് ശേഷം പി.സി ജോര്‍ജ് നടത്തിയ പ്രതികരണം:

”ഈ ഒരു കാര്യം കൊണ്ടെന്നും പിണറായി വിജയന്‍ രക്ഷപ്പെടില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് മറുപടി നല്‍കി കൊണ്ടിരിക്കെ 11 മണിക്കാണ് ഈ കേസെടുത്തത്. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ഞാന്‍ ഒളിക്കാന്‍ ഉദേശിക്കുന്നില്ല. റിമാന്‍ഡ് ചെയ്താലും സന്തോഷം. ശേഷം വസ്തുത ഞാന്‍ തെളിയിക്കും. ഞാന്‍ ഒരു സ്ത്രീയെയും പീഡിപ്പിക്കില്ല. ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. അടുത്ത് വരുന്ന എല്ലാ പെണ്‍കുട്ടികളെയും മോളേ, ചക്കരേ, സ്വന്തമേ എന്ന് അല്ലാതെ വിളിക്കാറില്ല. ആ സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കെതിരെ പിണറായി വിജയൻ്റെ കാശും വാങ്ങി കാണിക്കുന്ന മര്യാദ കേടിന് ദൈവം ക്ഷമിക്കട്ടേ.”

0Shares