
കൊച്ചി: കൊച്ചിയില്‍ രാത്രി സി.ഐയെയും സംഘത്തെയും ആക്രമിച്ച നടനും , എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സി.ഐക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. രാത്രി വാഹന പരിശോധനയ്ക്കിടെ നാല് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനത്തിൻ്റെ രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.

സിനിമയുടെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മൂന്ന് ദിവസമായി രാഹുല്‍ രാജും സനൂപും ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്നു. പ്രതികള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വാഹനത്തിൻ്റെ രേഖകള്‍ ചോദിച്ചപ്പോള്‍ ആദ്യം പോലീസിനോട് തട്ടിക്കയറുകയും പിന്നീടത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. സിനിമാക്കാരെ പോലീസ് നിലത്തിട്ട് കാലുകൊണ്ട് തൊഴിക്കുന്ന ദൃശ്യങ്ങളും അതിനിടെ പുറത്തു വന്നു.
സംഭവത്തില്‍ നാല് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഒരു ബൈക്കിൻ്റെ കീ ചെയില്‍ ചെറിയ കത്തിയുടെ രൂപത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
