
മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ തിരുവനന്തപുരത്ത് നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ 23കാരനെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് ഒരു വിവരവും അറിയില്ലെന്നാണ് കേരള പൊലീസ് പറയുന്നത്.
വ്യാഴാഴ്‌ച രാവിലെ 11ന് മുംബൈ വിമാനത്താവള അധികൃതര്‍ക്കാണ് ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചത്. 10 ലക്ഷം യു.എസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു സന്ദേശം. തുടർന്ന് എ.ടി.എസ് അന്വേഷണം തുടങ്ങിയിരുന്നു.

‘ഇത് വിമാന താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 10 ലക്ഷം യു.എസ് ഡോളര്‍ ബിറ്റ്‌കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്‌തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്ത മുന്നറിയിപ്പു നല്‍കും’ – ഇങ്ങനെയായിരുന്നു ഭീഷണി സന്ദേശം.
വിമാന താവള അധികൃതരുടെ പരാതിയിൽ സഹര്‍ പൊലീസും കേസെടുത്തു. ഇതിന് സമാന്തരമായി എ.ടി.എസ് സൈബര്‍ സെല്ലും അന്വേഷണം നടത്തി. തുടര്‍ന്ന് ഐ.പി വിലാസം പിന്തുടര്‍ന്നതോടെ മെയില്‍ അയച്ചത് കേരളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ എ.ടി.എസ് സംഘം കേരളത്തിലേക്ക് പറന്നെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. രാത്രിയോടെ മുംബൈയില്‍ എത്തിച്ച് സഹര്‍ പൊലീസിന് കൈമാറും. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
