
ന്യൂഡല്‍ഹി: ആറ്റോമിക് ധാതുക്കളുടെ ഖനനം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള വഴിതുറന്ന് കേന്ദ്രസര്‍ക്കാര്‍. ലിഥിയം ഉള്‍പ്പെടെ ആറ് ആറ്റോമിക് ധാതുക്കളും സ്വര്‍ണം, വെള്ളി തുടങ്ങിയ ധാതുക്കളും ഖനനം ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുന്ന ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനി ആണ് മൈൻസ് ആൻഡ് മിനറല്‍ (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ -2023 ലോക്‌സഭ ശബ്ദ വോട്ടിലൂടെ പാസാക്കിയത്.
12 ആറ്റോമിക് ധാതുക്കളില്‍ ആറെണ്ണം ഖനനം ചെയ്യാൻ സ്വകാര്യ മേഖലയെ അനുവദിക്കുന്നതാണ് ബില്‍. നിലവിലുള്ള നിയമപ്രകാരം, ഈ 12 ആറ്റോമിക് ധാതുക്കളും ഖനനം ചെയ്യാനും പര്യവേക്ഷണം നടത്താനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ബാറ്ററികള്‍ നിര്‍മ്മിക്കാൻ ഉപയോഗിക്കുന്ന ലിഥിയം, ബെറിലിയം, നിയോബിയം, ടൈറ്റാനിയം, ടാൻ്റെലം, സിര്‍ക്കോണിയം എന്നിവയാണ് സ്വകാര്യമേഖലക്ക് നല്‍കുന്നത്.

“ഈ ധാതുക്കള്‍ക്ക് ബഹിരാകാശ വ്യവസായം, ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഊര്‍ജ്ജ മേഖല, ഇലക്‌ട്രിക് ബാറ്ററി എന്നിവയില്‍ നിര്‍ണായക സ്ഥാനമുണ്ട്. മലിനീകരണ മുക്ത ഇന്ത്യ സൃഷ്ടിക്കാൻ ഇവ നിര്‍ണായകമാണ്. പുതിയ നിയമത്തിലൂടെ ഈ ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും രാജ്യത്ത് ഗണ്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” -ബില്ല് പാസാക്കാനുള്ള കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, നിക്കല്‍, കോബാള്‍ട്ട്, പ്ലാറ്റിനം ധാതുക്കള്‍, വജ്രങ്ങള്‍ തുടങ്ങിയവയാണ് ആഴത്തിലുള്ള ധാതുക്കള്‍. ഇവയുടെ പര്യവേക്ഷണത്തിന് ചെലവേറിയതിനാല്‍ സ്വകാര്യമേഖലയുടെ കടന്നുവരവ് കൂടുതല്‍ ഖനനത്തിന് വഴിയൊരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ‘രാജ്യത്തെ മൊത്തം ധാതു ഉല്‍പാദനത്തില്‍ ആഴത്തിലുള്ള ധാതുക്കളുടെ പങ്ക് ഇപ്പോള്‍ തുച്ഛമാണ്. നിലവില്‍ കൂടുതലും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ബില്ലിലെ ഭേദഗതികള്‍ ‘ഗെയിം ചേഞ്ചര്‍’ ആയിരിക്കും’ -കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.
വ്യാപകമായ എതിര്‍പ്പ് നിലനില്‍ക്കുന്ന ബില്ലുകള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിനിടെ എളുപ്പത്തില്‍ പാസാക്കിയെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. വന സംരക്ഷണ നിയമഭേദഗതി ബില്‍, ഖനന- ധാതുപദാര്‍ഥ വികസന- നിയന്ത്രണ നിയമ ഭേദഗതി ബില്‍, നഴ്‌സിംഗ്- ഡെന്‍റല്‍ കമീഷൻ ബില്‍ തുടങ്ങിയവ പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ എം.പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് സഭ സ്‌തംഭിപ്പിക്കാൻ ശ്രമിക്കുന്ന വലിയ ബഹളങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ ചര്‍ച്ച കൂടാതെ പാസാക്കിയത്.
വിവാദ ഡല്‍ഹി ഓര്‍ഡിനൻസ് ബില്‍ അടുത്ത ആഴ്‌ച പാര്‍ലമെന്‍റില്‍ കൊണ്ടുവരാനിരിക്കുകയുമാണ്. നരേന്ദ്ര മോദി മന്ത്രിസഭക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടെങ്കില്‍ നിയമ നിര്‍മാണത്തെ സഭയില്‍ എതിര്‍ത്തു തോല്‍പിക്കട്ടെ എന്നാണ് ഇതേക്കുറിച്ച് പ്രതിഷേധങ്ങളോട് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പ്രതികരിച്ചത്. അവിശ്വാസപ്രമേയം കൊണ്ടുവന്നു എന്നുകരുതി സര്‍ക്കാറിന്‍റെ കാര്യപരിപാടികളൊന്നും സഭയില്‍ നടത്താൻ പാടില്ലെന്ന് പറയാനാവില്ലെന്നും ജോഷി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
പ്രതിഷേധം വകവെക്കാതെ സഭാ നടപടി അധ്യക്ഷന്മാര്‍ മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ഇതിനെ തന്ത്രപരമായി എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇൻഡ്യ മുന്നണിയില്‍ വ്യക്തതയായിട്ടില്ല. മഴക്കാല പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസത്തിനുശേഷം ഇരുസഭകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ, പ്രതിപക്ഷത്തെ പുറംവേദികള്‍ ഉപയോഗപ്പെടുത്തി വിമര്‍ശിക്കുകയുമാണ്. പാര്‍ലമെന്‍റിനോടുള്ള തികഞ്ഞ അനാദരവാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
