
കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനും തളങ്കര കടവിനുമിടയിൽ എ.ടി.എം കൗണ്ടർ അനുവദിക്കാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. കാസറഗോഡ് റെയിൽവേ സ്റ്റേഷനും തളങ്കര കടവിനുമിടയിൽ എ.ടി.എം കൗണ്ടർ ഇല്ല. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലരും ഇതുവരെ യു.പി.ഐ സംവിധാനത്തിലേക്ക് മാറിയിട്ടില്ല. ആളുകൾ കറൻസി ഉപയോഗം മാറ്റി ഡിജിറ്റൽ ആക്കിയിട്ട് മാത്രം കാര്യമില്ല. ബസുകൾ, ഓട്ടോ, ടാക്സി ക്യാബുകൾ, ചെറുകിട മൽസ്യ വിൽപ്പനക്കാർ എന്നിവർ ഇപ്പോഴും കാഷ് ആവശ്യപ്പെടുന്നു.
സ്ഥാപനങ്ങൾ മാത്രമാണ് യു.പി.ഐ സംവിധാനം കൂടുതലും ഉപയോഗപ്പെടുത്തുന്നത്. കാസറഗോഡ് ജില്ലയിലെ തളങ്കര എന്ന പ്രദേശം പ്രധാന തീർത്ഥാടന കേന്ദ്രമാണ്, പല നാടുകളിൽ നിന്നും ഇവിടേക്ക് ആളുകൾ എത്തുന്നു. അന്യ സംസ്ഥാന തീർത്ഥാടകരും വീഡിയോ സാധാരണമായി എത്തുന്നുണ്ട്. അത് കൂടാതെ തളങ്കര പടിഞ്ഞാർ, കടവ്, പഴയ ഹാർബർ എന്നിവിടങ്ങളിൽ സഞ്ചാരികൾ എത്തുന്നുണ്ട്. ടൂറിസം കേന്ദ്രവും അരലക്ഷം ആളുകൾ താമസിക്കുന്ന ഭൂപ്രദേശവുമാണ്. സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന കുട്ടികൾക്ക് ബസുകൾക്കും സർവീസ് ഓട്ടോകൾക്കും വേണ്ടി കൊടുക്കാനുള്ള പോക്കറ്റ് മണി കൊടുക്കാൻ പോലും രക്ഷിതാക്കൾ ഏറെ പ്രയാസപ്പെടുന്നു. തളങ്കരയിൽ ഒന്നിലധികം എ.ടി.എം കൗണ്ടറിനുള്ള സാധ്യതകൾ ഏറെയാണ്. ആയതിനാൽ പ്രസ്തുത പ്രദേശത്ത് എ.ടി.എം കൗണ്ടറുകൾ ഉടൻ അനുവദിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന അഭ്യർത്ഥനയുമായി സംസ്ഥാന ബാങ്കേഴ്സ് കമ്മിറ്റി, ജില്ലാ കൺസൽറ്റാറ്റീവ് കമ്മിറ്റി, ലീഡ് ഡിസ്ട്രിക്ട് മാനേജർ, ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി എന്നിവർക്ക് അദ്ദേഹം ഇമെയിൽ നൽകി. ശുപാർശക്കായി കാസർകോട് എം.എൽ.എ ക്കും കൗൺസിൽ യോഗ തീരുമാനത്തിന് വേണ്ടി മുനിസിപ്പൽ ചെയർമാനും കൂടി കത്ത് നൽകിയതായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം അറിയിച്ചു.
