
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തില്‍ തുടങ്ങുന്ന ഓണാഘോഷം പത്താം നാള്‍ തിരുവോണവും പിന്നിട്ട് ചതയം വരെ നീണ്ടു നില്‍ക്കാറുണ്ട്. ഓണത്തിന് മലയാളികള്‍ ഒഴിവാക്കാത്ത ഒന്നാണ് പൂക്കളം. പൂക്കളം ഒരുക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിനങ്ങളിലാണ് പൂക്കളം ഒരുക്കുന്നത്.
ആദ്യദിനമായ അത്തം നാളില്‍ വൃത്താകൃതിയില്‍ ഒരു നിരയിലാണ് പൂവിടേണ്ടത്. രണ്ടാം ദിവസം രണ്ടിനം പൂക്കള്‍ ഉപയോഗിക്കാം. മൂന്നാം ദിവസം മൂന്നിനം നാലാം ദിവസം നാലിനം എന്നിങ്ങനെ ഓരോ ദിവസവും കളത്തില്‍ നിരകളുടെ എണ്ണം കൂട്ടിയാണ് പൂക്കളം ഒരുക്കേണ്ടതെന്ന് പഴമക്കാര്‍ പറയുന്നു.

ചോതി നാള്‍ മുതല്‍ മാത്രമാണ് ചെമ്പരത്തിപ്പൂവ് അത്തപ്പൂക്കളത്തില്‍ ഉപയോഗിക്കുക. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം നാള്‍ പത്ത് നിറത്തിലുള്ള പൂക്കള്‍ ഉപയോഗിച്ച് അത്തപ്പൂക്കളം ഇടാറുണ്ട്. ഉത്രാട ദിനത്തിലാണ് ഏറ്റവും വലിപ്പത്തില്‍ അത്തപ്പൂക്കളം ഒരുക്കുന്നത്. പൊതുവെ വൃത്താകൃതിയിലാണ് അത്തപ്പൂക്കളം ഒരുക്കാറുള്ളത്. എന്നാല്‍ മൂലം നക്ഷത്രത്തില്‍ ചതുരാകൃതിയില്‍ പൂക്കളം ഒരുക്കുന്ന രീതിയും ചില സ്ഥലങ്ങളില്‍ പിന്തുടരുന്നുണ്ട്.
തിരുവോണ നാളില്‍ പൂക്കളം ഒരുക്കുന്നതിന് ഇതിലും വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തില്‍ പലകയിട്ട് അരിമാവ് പൂശും. ശേഷം ഇതിൻ്റെ മുകളില്‍ നാക്കിലയിട്ട് വീണ്ടും അരിമാവ് പൂശുന്നു. ഇതിന് ശേഷം മണ്ണുകൊണ്ടോ തടി ഉപയോഗിച്ചോ തൃക്കാക്കരയപ്പൻ്റെ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ ഉപയോഗിച്ച് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര എന്നിവ നിവേദിക്കുകയും ചെയ്യുന്നു. ഉതൃട്ടാതി ദിനത്തിലാണ് പ്രതിഷ്‌ഠ ഇളക്കി മാറ്റുന്നത്.
