
തിരുവനന്തപുരം: ഇക്കൊല്ലം അത്തം ആഘോഷം പ്രഭാപൂരമായി. പ്രളയവും കോവിഡ് കവര്‍ന്നെടുത്ത ഓണക്കാലത്തെ ഇക്കുറി തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. വീടുകള്‍ക്കുമുന്നില്‍ ഇന്നുമുതല്‍ പൂക്കളങ്ങളൊരുങ്ങും. ഇനി പത്താം നാള്‍ തിരുവോണം. സംസ്ഥാനതല ഓണാഘോഷം സെപ്‌തംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.
പൊന്നോണത്തിൻ്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ചൊവാഴ്‌ച കൊണ്ടാടി. അത്തം നഗറില്‍ പതാക ഉയരുന്നതോടെ വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമായി.

ഇത്തവണ വിപുലമായ പരിപാടികളോടെ ആണ് അത്തച്ചമയം നടന്നത്. മന്ത്രി വി.എന്‍ വാസവന്‍ തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. മന്ത്രി പി.രാജീവ് അധ്യക്ഷനായി. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടായിരുന്നു.
പ്രായമായവരും കുട്ടികളും ഒന്നടങ്കം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണക്കളികളും ഓണാഘോഷങ്ങളും സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ ആണെങ്ങും. സെപ്റ്റംബര്‍ രണ്ടിന് സ്‌കൂള്‍ അടയ്‌ക്കുന്നതോടെ കുട്ടികള്‍ ഓണാഘോഷ തിമിര്‍പ്പിലാകും. കേരളത്തിൽ മാത്രമല്ല മറുനാട്ടിലും ഓണം ആഘോഷിക്കാനുള്ള വൻ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും ഓണവിപണികളും ഉണർന്നുകഴിഞ്ഞു.
