ദേശീയ അധ്യക്ഷനെതിരെ പരാതി നല്‍കി; അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

  • Post category:national / news
  • Reading time:1 min read
You are currently viewing ദേശീയ അധ്യക്ഷനെതിരെ പരാതി നല്‍കി; അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയ അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. ആറ് വര്‍ഷത്തേക്ക് ആണ് അങ്കിതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

അങ്കിതയുടെ പരാതിയില്‍ ബി.വി ശ്രീനിവാസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് അങ്കിത ദേശീയ പ്രസിഡന്റിനെതിരെ പരാതി നല്‍കിയിരുന്നത്. ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്‌തെന്നാണ് അങ്കിത ദത്തയുടെ ആരോപണം.

പൊലീസിന് പുറമെ മജിസ്ട്രേട്ടിന് മുന്നിലും അങ്കിത മൊഴി നല്‍കി. അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനിതാ നേതാവിൻ്റെ ആരോപണങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനത്തിനടയാക്കി. ഇതോടെയാണ് അങ്കിതയ്‌ക്കെതിരെ ദേശീയ നേതൃത്വം നടപടിയെടുത്തത്.

ഗുരുതര ആരോപണങ്ങളാണ് അങ്കിത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ നടത്തിയത്. റായ്പൂര്‍ പ്ലീനറി സെഷനില്‍ വെച്ച് ശ്രീനിവാസ് തന്നോട് വോഡ്ക കുടിക്കുമോ എന്ന് ചോദിച്ചുവെന്നും താന്‍ ഞെട്ടിപ്പോയെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

0Shares