
ദില്ലി: ദില്ലി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ കുറ്റവിമുക്തനായി. മതിയായ തെളിവില്ലാതെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയാണ് ദില്ലി റൗസ് അവന്യു കോടതി അരവിന്ദ് കെജ്‍രിവാളും, മനീഷ് സിസോദിയയും, ബി.ആർ.എസ് നേതാവ് കെ കവിതയും അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. സത്യം ജയിച്ചെന്ന് ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്‍രിവാൾ കോടതി വളപ്പിൽ പൊട്ടിക്കരഞ്ഞു. കോടതി വിധി ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.

ആം ആദ്മി പാർട്ടിയുടെ അടിത്തറയിളക്കിയ മദ്യനയ കേസിലാണ് അരവിന്ദ് കെജ്‍രിവാൾ കുറ്റവിമുക്തനായത്. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, സഞ്ജയ് സിംഗ് തുടങ്ങി 23 പ്രതികളെയും കോടതി കേസിൽ നിന്ന് ഒഴിവാക്കി. 2021-22 രണ്ട് വർഷത്തിൽ ദില്ലി സർക്കാർ റീട്ടെയിൽ മദ്യവില്പനയ്ക്ക് സ്വകാര്യ ഏജൻസികൾക്ക് കരാർ നല്‍കുന്നതിനായി കൊണ്ടു വന്ന കരാറാണ് കേസിന് ഇടയാക്കിയത്. ദില്ലി ചീഫ് സെക്രട്ടറിയുടെ ശുപാർശ പ്രകാരം ലഫ്റ്റനൻ്റ് ഗവർണ്ണർറാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. തെലങ്കാനയിലെ മദ്യമാഫിയയിൽ നിന്ന് ആംആദ്മി പാർട്ടി കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലെ പ്രചാരണത്തിന് ഉപയോഗിച്ചെന്നുമായിരുന്നു ആരോപണം. ബി.ആർ.എസ് നേതാവ് കെ കവിത അടക്കമുള്ളവരെയും ഗൂഢാലോനയിൽ പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ അറസിറ്റു ചെയ്തു. മനീഷ് സിസോദിയ 530 ദിവസവും അരവിന്ദ് കെജ്‍രിവാൾ 156 ദിവസവും കേസിൽ തിഹാർ ജയിലിൽ കിടന്നു. ദില്ലി നിയമഭ തെരഞ്ഞെടുപ്പ് സമയത്താണ് കെജ്‍രിളിന് ജാമ്യം കിട്ടിയത്. കുറ്റപത്രം പരിശോധിച്ച കോടതി നേരത്തെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐക്ക് നിർദ്ദേശം നല്കിയിരുന്നു. എന്നാൽ അഴിമതി നടന്നു എന്ന് തെളിവ് പോലും ഹാജരാക്കാനായില്ലെന്നാണ് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഇന്ന് ചൂണ്ടിക്കാട്ടിയത്. പ്രഥമദൃഷ്ട്യാ പോലും നിലനില്ക്കാനുള്ള തെളിവുകൾ ഇല്ലായിരുന്നു എന്നും കോടതി ആഞ്ഞടിച്ചു. എന്തുകൊണ്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തിയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തണം എന്ന നിർദ്ദേശവും കോടതി നല്‍കി. കെജ്‍രിവാളിനെയും ആം ആദ്മി പാർട്ടിയെയും ഇല്ലാതാക്കൻ ബി.ജെ.പി നടത്തിയ ഗുഡാലോചനയാണ് കേസിന് പിന്നിൽ എന്നത് ഇപ്പോൾ ബോധ്യമായി. മോദിക്കും ബിജെപിക്കും ഈ കേസ് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.
