
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. പോക്‌സോ കേസിലാണ് യെദ്യൂരപ്പക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 17കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ഇതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം. യോഗത്തിനിടെ പെണ്‍കുട്ടിയെ യെദ്യൂരപ്പ സ്വന്തം വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ പരാതി. 54കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു. തനിക്കെതിരായ പരാതി ബി.എസ് യെദ്യൂരപ്പ നേരത്തേ നിഷേധിച്ചിരുന്നു. പരാതി താന്‍ നിയമപരമായി നേരിടുമെന്നും 81കാരനായ യെദ്യൂരപ്പ പറഞ്ഞിരുന്നു.

സി.ഐ.ഡി ആണ് കേസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് യെദ്യൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ് അയച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. ആവശ്യമെങ്കില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേസില്‍ ജൂണ്‍ 15ന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അതിന് മുമ്പ് തന്നെ സി.ഐ.ഡി കുറ്റപത്രം സമര്‍പ്പിക്കും. അതിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ അവര്‍ക്ക് പാലിക്കണം. അദ്ദേഹത്തിൻ്റെ മൊഴിയെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യണം. ഇതെല്ലാം നടപടിക്രമങ്ങളുടെ ഭാഗമാണ്. സി.ഐ.ഡി അത് ചെയ്യും.’ -പരമേശ്വര പറഞ്ഞു.
അറസ്റ്റ് ഉണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും അത് പറയേണ്ടത് താനല്ല, സി.ഐ.ഡി ആണെന്നുമായിരുന്നു മന്ത്രി പരമേശ്വരയുടെ മറുപടി. ബി.ജെ.പി പാര്‍ലമെണ്ടറി ബോര്‍ഡ് അംഗമായ യെദ്യൂരപ്പ നിലവില്‍ ഡല്‍ഹിയിലാണ്.
