
കാസർകോട്: മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മികച്ച ഇടപെടല്‍ നടത്തിയ ബേഡഡുക്ക പഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിൻ്റെ അംഗീകാരം. പുനെയില്‍ സെപ്തംബര്‍ 22, 23, 24, തീയ്യതികളിലായി നടക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കാനാണ് ബേഡഡുക്ക പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.

കേരളത്തില്‍ നിന്ന് പത്ത് പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ ഹരിതകര്‍മസേനയുടെ മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനം, അജൈവ മാലിന്യങ്ങള്‍ കയറ്റി അയക്കുന്നതിലെ ചെലവ് കുറക്കല്‍ തുടങ്ങിയവ കണക്കിലെടുത്താണ് ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെ പരിഗണിച്ചത്. ശില്പശാലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ പങ്കെടുക്കും.
