നല്ല പൂന്തോട്ടത്തിന് ഉദ്യാൻ രത്ന; വീട്ടുമുറ്റത്തെ പോഷകത്തോട്ടത്തിന് പോഷക ശ്രീ അവാർഡ്; കാർഷിക മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നല്ല പൂന്തോട്ടത്തിന് ഉദ്യാൻ രത്ന; വീട്ടുമുറ്റത്തെ പോഷകത്തോട്ടത്തിന് പോഷക ശ്രീ അവാർഡ്; കാർഷിക മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ അഗ്രി ഹോർട്ടി സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ അഗ്രി ഹോർട്ടി സൊസൈറ്റി അംഗങ്ങൾക്കായി കാർഷിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഏറ്റവും നല്ല പൂന്തോട്ടത്തിന് ഉദ്യാൻ രത്ന അവാർഡ്, പച്ചക്കറി ഉൾപ്പടെയുള്ള വീട്ടുമുറ്റത്തെ പോഷകത്തോട്ടത്തിന് പോഷക ശ്രീ അവാർഡ്, സംയോജിത കൃഷിത്തോട്ടത്തിന് കിസാൻ ജ്യോതി അവാർഡ്, കാർഷിക ഫോട്ടോഗ്രാഫിക്ക് ഹരിതദൃശ്യ അവാർഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരം.

പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും മത്സരം സംഘടിപ്പിക്കും. അലങ്കാര ചെടികൾക്കും പൂച്ചെടികൾക്കും പരിസ്ഥിതി സൗഹാർദപരമായ ഉദ്യാന പരിപാലന മുറകൾ അനുവർത്തിക്കുന്നവർക്ക് ഉദ്യാൻ രത്ന അവാർഡിന് അപേക്ഷിക്കാം. സ്വന്തമായി കൃഷി ഭൂമി ഇല്ലെങ്കിലും കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്നവർക്ക് പോഷകശ്രീ അവാർഡിന് അപേക്ഷ നൽകാം. പച്ചക്കറി, തെങ്ങ്, പശു, ആട്, കോഴി, തുടങ്ങിയ പരിപാലിക്കുന്ന കർഷകർക്ക് കിസാൻ ജ്യോതി അവാർഡിന് അപേക്ഷിക്കാം.

കാർഷിക ഫോട്ടോഗ്രഫി മത്സരമായ ഹരിതദൃശ്യത്തിൽ ആർക്കും പങ്കെടുക്കാം. കൃഷിയുമായി ബന്ധപ്പെട്ട എഡിറ്റ് ചെയ്യാത്ത ഫോട്ടോ മാത്രമേ മത്സരത്തിൽ പരിഗണിക്കൂ. ജില്ലാതലത്തിൽ ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. താൽപര്യമുള്ളവർ ഏപ്രിൽ 20ന് മുൻപായി അതാത് കൃഷിഭവനുകളിൽ അപേക്ഷ നൽകേണ്ടതാണ്.

0Shares