
തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടാലിനും മകള്‍ സുകന്യക്കും ഒന്നിലധികം ലോട്ടറിയടിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ.ഒരു പ്രമുഖ ലോട്ടറി കമ്പനിയുടെ പരസ്യം കണ്ടാണ് അനുബ്രതക്ക് ആദ്യം ലോട്ടറിയടിച്ച വിവരം പൊതുജനം അറിഞ്ഞത്. എന്നാല്‍ അതേക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. പിന്നീട് മകള്‍ സുകന്യയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ലോട്ടറി അടിച്ചതിൻ്റെ സമ്മാനത്തുകയായി 51 ലക്ഷം രൂപ എത്തിയതായും സി.ബി.ഐ പറയുന്നു.
മൂന്നു വര്‍ഷം മുൻപ് അനുബ്രതയുടെ അക്കൗണ്ടില്‍ പത്തു ലക്ഷം രൂപയുടെ ലോട്ടറി എത്തിയതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇത്രയധികം തവണ ലോട്ടറി അടിക്കുന്നതിനു പിന്നിലെ കാരണമറിയാനാണ് സി.ബി.ഐ ശ്രമിക്കുന്നത്.ഈ വര്‍ഷം ജനുവരിയിലാണ് സംസ്ഥാനത്തെ ഒരു ലോട്ടറി കമ്പനിയുടെ വെബ്‌സൈറ്റില്‍ അനുബ്രത മൊണ്ടാലിൻ്റെ പേരും ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഒരു കോടി രൂപയുടെ ലോട്ടറി വിജയി അനുബ്രതയാണെന്നും ഇതില്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ലോട്ടറി അടിച്ചതായി അനുബ്രത ഇതുവരെ സമ്മതിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച ബോല്‍പൂര്‍ ചൗരസ്തയ്ക്ക് സമീപമുള്ള ലോട്ടറി കൗണ്ടറില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. കടയുടമയെയും മറ്റ് രണ്ട് ലോട്ടറി വ്യാപാരികളെയും സി.ബി.ഐ ചോദ്യം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ബിര്‍ഭും ജില്ലാ പ്രസിഡന്റിനെയും സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.അന്വേഷണത്തില്‍ മൂന്ന് ലോട്ടറികളുടെ ഉറവിടം കണ്ടെത്തിയതായി സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അനുബ്രതയുടെയും സുകന്യയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിവരം ലഭിച്ചതെന്നാണ് സൂചന.
