
കൊച്ചി: പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസിൻ്റെയും മന്‍സൂര്‍ തച്ചംപറമ്പിൻ്റെയും ഉടമസ്ഥതയില്‍ വന്ന കണ്ടെയ്നറിൽ നിന്ന് 520 കോടിയുടെ കൊക്കെയിനും ഡി.ആര്‍.ഐ സംഘം പിടികൂടി. രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് പരിശോധനയില്‍ വീണ്ടും വന്‍ തോതിലുള്ള ലഹരിക്കടത്ത് കണ്ടെത്തിയത്.
ഓറഞ്ച് കാര്‍ട്ടിൻ്റെ മറവിലായിരുന്നു 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടന്നതെങ്കില്‍ ഗ്രീന്‍ആപ്പിള്‍ കാര്‍ട്ടിൻ്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് നടന്നത്. ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു ഡി.ആര്‍.ഐയുടെ ഓപ്പറേഷന്‍.

മന്‍സൂര്‍ തച്ചംപറമ്പിലിൻ്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിൻ്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇൻ്റെര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്. ഇതോടെ ഒരാഴ്‌ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡി.ആര്‍.ഐ പൊളിച്ചിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ രണ്ടുതവണ ലഹരി കണ്ടെത്തിയതോടെ കൂടുതല്‍ ഗൗരവമായ അന്വേഷണത്തിലേക്ക് പോയിരിക്കുകയാണ് ഡി.ആര്‍.ഐ സംഘം.
സംഭവവുമായി ബന്ധപ്പെട്ട് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മന്‍സൂറിനായി ഇൻ്റെര്‍പോളിൻ്റെയടക്കം സഹായം തേടിയിരിക്കുകയാണ്. 198 കിലോഗ്രാം മെത്താംഫെറ്റാമിനും ഒമ്പത് കിലോഗ്രാം കൊക്കെയിനുമായിരുന്നു ഇവരില്‍ നിന്ന് ആദ്യം പിടികൂടിയതെങ്കില്‍ ശനിയാഴ്‌ച പിടികൂടിയത് മുഴുവന്‍ കൊക്കെയിനാണ്.
ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട നടന്നു. 360 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി പാക് ബോട്ട് ആണ് പിടികൂടിയത്. 50 കിലോ ഹെറോയിനാണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ആറു പാക്കിസ്ഥാന് പൗരന്‍മാരെ കസ്റ്റഡിയിലെടുത്തു.
കൊച്ചിയില്‍ കഴിഞ്ഞദിവസം നാവികസേന പിടിച്ചെടുത്ത ഹെറോയിന്‍ പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിമാണ് കള്ളക്കടത്തിൻ്റെ സൂത്രധാരന്‍. വില്‍പനയിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധിച്ചു വരികെയാണ്.

1200 കോടി രൂപ വിലമതിക്കുന്ന 200 കിലോ ഹെറോയിന്‍ ആണ് കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ നേവിയും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടികൂടിയത്.
അഫ്ഗാനിസ്ഥാനില്‍ നിര്‍മിച്ച ഹെറോയിന്‍ ആദ്യം പാകിസ്താനിലെത്തിച്ച ശേഷം അവിടെ നിന്ന് ഇറാനിയന്‍ ബോട്ടില്‍ ഇന്ത്യയിലും ശ്രീലങ്കയിലും വില്‍ക്കുന്നതിനായി കൊണ്ടുവരികയായിരുന്നു. വാട്ടര്‍ പ്രൂഫായ ഏഴ് ലെയര്‍ പാക്കുകളിലായി സൂക്ഷിച്ച ഹെറോയിന്‍ ശ്രീലങ്കന്‍ ബോട്ടിലേക്ക് കൈമാറാനിരിക്കെയാണ് പിടികൂടിയത്. ശ്രീലങ്കന്‍ ബോട്ടിനെ കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ ആറ് ഇറാന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കി.
പാക്കറ്റുകളില്‍ അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും കാര്‍ട്ടലുകള്‍ക്ക് മാത്രമുള്ള മാര്‍ക്കിംഗും പാക്കിംഗ് പ്രത്യേകതകളും ഉണ്ടെന്ന് ഓഫീസര്‍ പറഞ്ഞു. ചില മയക്കുമരുന്ന് പാക്കറ്റുകളില്‍ കരിന്തേളിൻ്റെ ചിഹ്നവും ചിലതില്‍ ഡ്രാഗണ്‍ ചിഹ്നവും സീല്‍ ചെയ്തിട്ടുണ്ട്. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ഇറാനിയന്‍ ബോട്ടിലെ ആളുകള്‍ കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും ഹെറോയിന്‍ വെള്ളത്തിലേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചതായും എന്‍.സി.ബി ഓഫീസര്‍ പറഞ്ഞു.
അഫ്ഗാനിസ്താനില്‍ നിന്ന് ഇറാൻ്റെയും പാകിസ്താൻ്റെയും മക്രാന്‍ തീരത്തേക്കും തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുമുള്ള തെക്കന്‍ റൂട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമായിരിക്കുകയാണെന്നും എന്‍.സി.ബി ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
