വാര്‍ഷിക പദ്ധതി അവതരണം പൂര്‍ത്തിയായി; അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം

  • Post category:local news
  • Reading time:1 min read
You are currently viewing വാര്‍ഷിക പദ്ധതി അവതരണം പൂര്‍ത്തിയായി; അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം

കാസർകോട്: അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികളുടെ അവതരണം പൂര്‍ത്തിയായി. കാഞ്ഞങ്ങാട് നഗരസഭ, പുത്തിഗെ, കുമ്പള, കുറ്റിക്കോല്‍, മംഗല്‍പാടി ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.

സാമൂഹ്യ നീതി, ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമം, ശുചിത്വം, മാലിന്യ സംസ്‌കരണം, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക രംഗത്തെ മുന്നേറ്റം എന്നിവയ്ക്ക് കാഞ്ഞങ്ങാട് നഗരസഭ പദ്ധതികള്‍ നടപ്പിലാക്കും. വനിതാ ഘടക പദ്ധതിയില്‍ വനിതകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് നല്‍കാനായി നഗരസഭ ഒമ്പത് ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. വനിതകള്‍ക്ക് യോഗാ പരിശീലനത്തിനും ഷീ ലോഡ്ജ് പ്രവര്‍ത്തന സജ്ജമാക്കാനും പദ്ധതിയുണ്ട്.

കുടിവെള്ള പദ്ധതി പുനരുദ്ധാരണത്തിന് പുത്തിഗെ ഗ്രാമ പഞ്ചായത്ത് മുന്‍ഗണന നല്‍കും. വയോജനങ്ങള്‍ക്കും ഭിന്നശേഷി വിഭാഗത്തിനും വനിതകള്‍ക്കും പദ്ധതികളുണ്ട്. കുടിവെള്ള പദ്ധതികള്‍ക്ക് തന്നെയാണ് കുറ്റിക്കോല്‍ പഞ്ചായത്തും മുന്‍ഗണന നല്‍കുന്നത്. വരള്‍ച്ചാ സമയത്ത് കുടിവെള്ളം ലഭ്യമാകാത്ത മേഖലകളില്‍ പദ്ധതികള്‍ നടപ്പിലാക്കും. ഓരോ വാര്‍ഡിലും കളിസ്ഥലം നിര്‍മിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് ആനക്കല്‍ പ്രദേശത്ത് വോളിബോള്‍, ബാഡ്മിന്റണ്‍ എന്നിവയ്ക്കായുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിൻ്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

മാലിന്യ നിര്‍മാര്‍ജനത്തിനും വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കുമ്പള ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ നടപ്പിലാക്കും. മാലിന്യ സംസ്‌കരണത്തിനും ഭിന്നശേഷി വിഭാഗത്തിൻ്റെ ഉന്നമനത്തിനും വനിതകളുടെ സംരംഭങ്ങള്‍ക്കും മംഗല്‍പാടി പഞ്ചായത്ത് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കും.

ആസൂത്രണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ്. മായ, സര്‍ക്കാര്‍ നോമിനി സി. രാമചന്ദ്രന്‍, ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍, എം.മനു, ജാസ്മിന്‍ കബീര്‍, ജോമോന്‍ ജോസ്, നജ്മ റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares