സഹോദരങ്ങള്‍ ഭൂമി ദാനം ചെയ്തു; കുറ്റിക്കോല്‍ നരിയന്‍റെ പുന്നയിലെ 105 -ാം നമ്പര്‍ അംഗന്‍വാടിക്കും ഭൂമി സ്വന്തമായി

  • Post category:local news
  • Reading time:1 min read
You are currently viewing സഹോദരങ്ങള്‍ ഭൂമി  ദാനം ചെയ്തു; കുറ്റിക്കോല്‍ നരിയന്‍റെ പുന്നയിലെ 105 -ാം നമ്പര്‍ അംഗന്‍വാടിക്കും ഭൂമി സ്വന്തമായി

കാസര്‍കോട്: നാട്ടിലെ അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലം വേണമെന്ന ബാബു നായിക്കിന്‍റെയും നാരായണ നായിക്കിന്‍റെയും തുമ്മയ്യനായിക്കിന്‍റെയും ആഗ്രഹം സഫലമായി. സഹോദരങ്ങളായ ഇവര്‍ മൂന്ന്‌പേരും കൂടി മൂന്നേമുക്കാല്‍ സെന്റ് സ്ഥലം കുറ്റിക്കോലിലെ നരിയന്‍റെ പുന്നയിലെ 105 ാം നമ്പര്‍ അംഗന്‍വാടിക്ക് ദാനം ചെയ്തു.

നരിയന്‍റെ പുന്നയില്‍ നടന്ന ചടങ്ങില്‍, അംഗന്‍വാടിക്ക് ഭൂമി ദാനം ചെയ്യുന്നതിന്‍റെ സമ്മതപത്രം ബാബു നായിക്കിന്‍റെ ഭാര്യ ഭാര്‍ഗ്ഗവി ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് കൈമാറി.അംഗന്‍വാടിക്ക് ഭൂമി ദാനം ചെയ്യുക വഴി ഇവര്‍ ഉദാത്തമായ മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു.ജില്ലയില്‍ ആകെയുള്ള 1348 അംഗന്‍വാടികളില്‍,ഇനി 16 അംഗന്‍വാടികള്‍ക്ക് മാത്രമേ സ്വന്തമായി സ്ഥലം ഇല്ലാത്തതായിയുള്ളൂ.

നിലവില്‍ കുറ്റിക്കോലിലെ നരിയന്‍റെ പുന്നയിലെ 105 ാം നമ്പര്‍ അംഗന്‍വാടി അവിടുത്തെ കമ്മ്യൂണിറ്റി ഹാളിലാണ് പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷം വരെ 20 ഓളം കുട്ടികളാണ് ഇവിടെ പഠനം നടത്തിയിരുന്നത്.അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്നത് ഇവിടുത്തുകാരുടെ സ്വപ്നമായിരുന്നു. ഇതില്‍ സ്വന്തമായി സ്ഥലമെന്ന ഇവിടുത്തുകാരുടെ സ്വപ്നമാണ് ഈ മൂന്ന് സഹോദരങ്ങളുടെ സല്‍പ്രവൃത്തിയാല്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. ഈ മാതൃക മറ്റുള്ളവര്‍ക്കും കൂടി പിന്‍തുടരാവുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 16 അംഗന്‍വാടികള്‍ക്ക് മാത്രമാണ് ഇനി സ്വന്തമായി സ്ഥലം കണ്ടെത്താന്‍ ഉള്ളു. ഈ 16 അംഗന്‍വാടികള്‍ക്ക് കൂടി സ്ഥലം കണ്ടെത്തുന്നതോടെ,മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി സ്ഥലമുള്ള രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കാസര്‍കോടിന് സ്വന്തമാകും.ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് അംഗന്‍വാടിക്ക് വേണ്ടി സ്ഥലം കണ്ടെത്തുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയത്.

നരിയന്‍റെ പുന്നയില്‍ നടന്ന ചടങ്ങില്‍ ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രജ്ഞിത്ത്,ഭൂമി ദാനം ചെയ്ത നാരായണ നായിക്ക്,തുമ്മയ്യ നായിക്ക്,കാറഡുക്ക അഡീഷണല്‍ സി.ഡി.പി.ഒ സജിത,ഐ.സി.ഡി.എസ് സൂപ്രവൈസര്‍ സന്ധ്യ,എന്‍. എന്‍.എം ജില്ലാ കോര്‍ഡിനേറ്റര്‍ വിപിന്‍,അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, കെ.എന്‍ രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares