
ന്യൂഡല്‍ഹി: പാര്‍ലമെണ്ട് അതിക്രമ കേസ് പ്രതികളുടെ ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക ആയിരുന്നുവെന്ന് ഡല്‍ഹി പൊലീസ്. അരാജകത്വം സൃഷ്ടിച്ച് ആവശ്യങ്ങള്‍ സര്‍ക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുക ആയിരുന്നു ലളിത് ഝായുടേയും കൂട്ടാളികളുടേയും ലക്ഷ്യമെന്നും പൊലീസ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിക്രമത്തിൻ്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ശത്രുരാജ്യങ്ങള്‍ക്കോ ഭീകരസംഘടനകള്‍ക്കോ സംഭവത്തില്‍ പങ്കുണ്ടോയെന്നതും പരിശോധിച്ച് വരികയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പാര്‍ലമെണ്ടില്‍ ഡിസംബര്‍ 13ന് നടന്ന അതിക്രമം പുനഃസൃഷ്ടിക്കാനും ഡല്‍ഹി പൊലീസിന് പദ്ധതിയുണ്ട്. ഇതിനുള്ള അനുവാദം വൈകാതെ പൊലീസ് തേടുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെണ്ട് ആക്രമണ കേസില്‍ രണ്ടുപേരെ കൂടി ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരുമായി ബന്ധമുള്ള രാജസ്ഥാനില്‍ നിന്നുള്ള കൈലാശ്, മഹേഷ് എന്നിവരെയാണ് പിടികൂടിയത്. ലോക്‌സഭക്കകത്തും പുറത്തും വര്‍ണപ്പുക തോക്ക് പൊട്ടിച്ചവരുടെ മൊബൈല്‍ ഫോണുകള്‍ കത്തിച്ചു കളഞ്ഞതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
അതേസമയം മുഖ്യസൂത്രധാരനെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ബിഹാര്‍ സ്വദേശി ലളിത് ഝായെ ചോദ്യം ചെയ്യാനായി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മറ്റു നാലുപേരെയും പോലെ യു.എ.പി.എ 16, 18 വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമം 153, 186, 120ബി, 353, 452 വകുപ്പുകളും ലളിതിനെതിരെയും ചുമത്തി.
കീഴടങ്ങാൻ കര്‍തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കൂടെ വന്ന മഹേഷിനെയും പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
