പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്..

You are currently viewing പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്..

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിൻ്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ അവസാനമായി കാണാനായി വീട്ടിലേക്കും ശ്മശാനത്തിലേക്കും നാനാതുറകളില്‍ നിന്ന് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. ഷോക്കേറ്റ് മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്. നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വയറിൽ 3 പാടുകളുണ്ട്. അതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീഴുക‌യായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ലെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. കേസിൽ നിലവിൽ ഒരൊറ്റ പ്രതി മാത്രമാണുള്ളതെന്ന് അനന്തുവിൻ്റെ വീട്ടിലെത്തിയ ഡി.വൈ.എസ്പി കെ അലവി പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് സാധ്യത. പന്നിയെ പിടിക്കാനാണ് പ്രതി കെണി വെച്ചത്. നിലവിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ കോൾ ലിസ്റ്റ് പരിശോധിക്കും. പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

0Shares